പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം, അഞ്ഞൂറിലേറെ പേർക്ക് പരിക്ക്, നിരവധിപേരുടെ നില ഗുരുതരം
Friday 27 June 2025 10:29 PM IST
ഭുവനേശ്വർ: ഒഡിഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ഞൂറിലേറെ പേർക്ക് പരിക്ക്. നിരവധി പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഗുണ്ഡിക ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ജഗന്നാഥൻ, ബലദ്രൻ, സുഭദ്ര എന്നിവരുടെ പേരിലുള്ള മൂന്നു രഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആവശ്യത്തിന് വൈദ്യസഹായം ലഭ്യമാക്കിയതായും ഒഡിഷ മന്ത്രി മുകേഷ് മഹാലിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.