പട്ടിക വിഭാഗക്കാർക്കായി തൊഴിൽ പരിശീലന പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതികഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കും. വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾക്ക് ചേർന്ന് പഠനം പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ പ്രത്യേക പരിശീലനം നൽകാനും വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
വകുപ്പിന്റെ 46 ഐ.ടി.ഐകളിൽ നിലവിലുള്ള കോഴ്സിനൊപ്പം നൈപുണ്യ പരിശീലനവും ഉറപ്പാക്കും. ഇതിനു പുറമേ നൂതന കോഴ്സുകളും ഐ.ടി.ഐകളിൽ തുടങ്ങും. പ്രാദേശിക തലത്തിൽ തൊഴിലിന് സന്നദ്ധരായവരെ കണ്ടെത്തി പരിശീലനം നൽകുന്നതിന് പ്രൊമോട്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ തൊഴിൽ ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും.
വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.ധർമ്മലശ്രീ, കെ.ഡിസ്‌ക് സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.