വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല കവർന്നയാൾ റിമാൻഡിൽ ; തൊണ്ടി മുതൽ കാഞ്ഞങ്ങാട്ടെ ജൂവല്ലറിയിൽ നിന്ന് കണ്ടെടുത്തു കണ്ടെടുത്തു. (തല പടം mail )
പയ്യന്നൂർ : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി അന്നൂർ കൊരവയലിലെ കുണ്ടത്തിൽ സാവിത്രിയുടെ (66)രണ്ടരപവൻ സ്വർണമാലയുമായി കടന്നുകളഞ്ഞ കേസിലെ പ്രതി കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ വീട്ടിൽ രാജേന്ദ്രനെ (55) കോടതി റിമാൻഡ് ചെയ്തു. പ്രതി വിൽപന നടത്തിയ വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങൾ കാഞ്ഞങ്ങാട്ടെ ഒരു ജൂവല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സാവിത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ രാജേന്ദ്രൻ കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണം കവർന്നത്.ഈയാൾ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.കവർച്ചക്ക് പിന്നാലെ ഒട്ടും അമാന്തമില്ലാതെ പയ്യന്നൂർ എസ്.ഐ , പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയിലെത്താൻ ഇടയാക്കിയത്. പ്രൊബേഷനറി എസ്.ഐമാരായ മഹേഷ്, നിധിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, പ്രാമാദ് കടമ്പേരി, എ.ജി.അബ്ദുൾ ജബ്ബാർ , ബിജു ജോസഫ്, സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ. മനോജൻ മമ്പലം , പൊലീസ് ജീപ്പ് ഡ്രൈവർ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മൂന്നുമാസം മുമ്പ് മരംമുറിക്കാനായി എത്തി
മൂന്ന് മാസം മുൻപ് ഇവിടെ മരം മുറിക്കാനെത്തിയ പ്രതി പകൽ സമയം വീട്ടിൽ സാവിത്രി മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് മനസ്സിലാക്കിയിരുന്നു.സ്വർണ്ണം കവർന്ന ശേഷം മോഷ്ടാവ് ഓടി പോകുന്ന ദൃശ്യം സമീപത്തെ കടയിലെ നിരീക്ഷണ കാമറയിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. മറ്റ് ക്യാമറകളിലെ ദൃശ്യങ്ങൾ കൂടി പരിശോധിച്ച പൊലീസിന് മെയിൻ റോഡിൽ സ്‌കൂട്ടർ നിർത്തി അവിടെ നിന്നും നടന്നാണ് രാജേന്ദ്രൻ സാവിത്രിയുടെ വീട്ടിലെത്തിയതെന്ന് ബോദ്ധ്യപ്പെട്ടു. കവർച്ചക്ക് ശേഷം കണ്ടോത്ത് സ്‌കൂട്ടർ വച്ച രാജേന്ദ്രൻ ഇവിടെ നിന്ന് ബസിൽ കാഞ്ഞങ്ങാട് എത്തി ഒരു ജൂവല്ലറിയിൽ കൊടുത്ത് പുതിയ സ്വർണം വാങ്ങുകയായിരുന്നു. പിന്നീട് ഈ സ്വർണ്ണം മറ്റൊരു കടയിൽ വിറ്റ ശേഷം പയ്യന്നൂരിലേക്ക് മടങ്ങി. പയ്യന്നൂരിലെ ഒരു തുണിക്കടയിൽ കയറി ഷർട്ട് വാങ്ങി പുറത്ത് ഇറങ്ങിയപ്പോഴേക്കും പിന്തുടർന്നെത്തിയ പൊലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു.