മദ്യലഹരിയിൽ ആത്മഹത്യാ ഭീഷണി: പ്രതി പിടിയിൽ
Saturday 28 June 2025 1:22 AM IST
പാലോട്: മദ്യലഹരിയിൽ പെരിങ്ങമ്മല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഭരതന്നൂർ പുളിക്കരകുന്ന് സ്വദേശി നിസാം (40) ആണ് പാലോട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കിൽ പെട്രോൾ നിറച്ച കുപ്പിയുമായി ആശുപത്രിയിലെത്തിയ നിസാം വനിതാ ആരോഗ്യ പ്രവർത്തകയെ അസഭ്യം പറയുകയും പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാർ പാലോട് പൊലീസിൽ വിവരം അറിയിച്ചതോടെ ഇയാൾ സ്ഥലം വിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഭരതന്നൂരിൽ നിന്നും പിടികൂടി. നിസാം ഉപദ്രവിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.