എസ്-400, സുഖോയ്: റഷ്യയിൽ ചർച്ച നടത്തി രാജ്നാഥ്

Saturday 28 June 2025 12:14 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഡ്രോണുകളെ ചെറുക്കാൻ തുണയായ എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിനായുള്ള ഇടപാട് പൂർത്തിയാക്കാൻ റഷ്യയിൽ ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സുഖോയ് യുദ്ധവിമാനങ്ങളുടെ പരിഷ്‌കരണം സംബന്ധിച്ചും ചർച്ച നടന്നു.

ചൈനയിലെ ഷാൻഡോങ്ങിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌.സി‌.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രതിരോധ ഇടപാടുകൾ ചർച്ചയായത്. എസ്-400ന്റെ രണ്ട് യൂണിറ്റുകൾ ഇന്ത്യയ്‌ക്ക് കൈമാറാനുണ്ട്.

അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകാമെന്ന് റഷ്യ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. യു.എസ് വാഗ്‌ദാനം ചെയ്‌ത എഫ്-35നെക്കാൾ ചെലവ് കുറച്ച് സ്റ്റെൽത്ത് വിമാനം സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാമെന്ന മെച്ചവുമുണ്ട്. കൂടാതെ നിലവിൽ ഉപയോഗിക്കുന്ന റഷ്യൻ ആയുധങ്ങളുടെ സോഫ്‌റ്റ്‌വെയർ പരിഷ്‌കരണം സംബന്ധിച്ചും ചർച്ച നടന്നു.

നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ, അതിർത്തി കടന്നുള്ളഭീകരത, തുടങ്ങിയ നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.