ട്രംപിന് അനുകൂല വിധിയുമായി സുപ്രീം കോടതി
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുകൾ രാജ്യവ്യാപകമായി തടയുന്നതിൽ വ്യക്തിഗത ഫെഡറൽ ജഡ്ജിമാർക്ക് നിയന്ത്രണമേർപ്പെടുത്തി യു.എസ് സുപ്രീം കോടതി. അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് നിറുത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിധി.
ഉത്തരവ് കീഴ്ക്കോടതി ജഡ്ജിമാർ തടഞ്ഞിരുന്നു. അതേ സമയം, ട്രംപിന്റെ ജന്മാവകാശ പൗരത്വ ഉത്തരവ് പ്രാബല്യത്തിൽ വരുത്തണോ എന്നതിൽ കോടതി തീർപ്പാക്കിയിട്ടില്ല. ഉത്തരവിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന കേസ് മറ്റൊരു ദിവസം പരിഗണിക്കും.
കീഴ്ക്കോടതികൾ തടഞ്ഞ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ 30 ദിവസത്തിന് ശേഷമേ പുനഃസ്ഥാപിക്കാൻ പാടുള്ളു എന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ഉത്തരവ് 30 ദിവസത്തിന് ശേഷം ഭാഗികമായി പ്രാബല്യത്തിൽ വന്നേക്കും.