തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി; അപകടമുണ്ടായത് 14 വർഷം മുമ്പ് ട്രെയിനുകൾ കൂട്ടിയിടിച്ച അതേസ്ഥലത്ത്

Saturday 28 June 2025 7:54 AM IST

റാണിപേട്ട്: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി അപകടം. ആരക്കോണം - കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057) ആണ് തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയിൽവേ സ്റ്റേഷന് സമീപത്ത് പാളംതെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ചിറ്റേരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാളം തെറ്റിയത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പായി വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം വലിയ രീതിയിൽ തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആളപായം ഉണ്ടായിട്ടില്ലെന്നും മറ്റ് വിവരങ്ങൾ റെയിൽവേ അധികൃതർ പങ്കുവയ്‌ക്കുമെന്നുമാണ് സ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പാളം തെറ്റാനുണ്ടായ കാരണം എന്താണെന്നോ, മറ്റ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടോ, ഗതാഗതം പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്‌താവന റെയിൽവേ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

നിലവിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ജീവനക്കാരുൾപ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്. 2011ൽ ഇതേ സ്ഥലത്ത് വലിയൊരു ട്രെയിൻ അപകടം ഉണ്ടായിട്ടുണ്ട്. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 11പേർ അന്ന് മരിച്ചു. 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതിനാൽ, ഇപ്പോഴത്തെ സംഭവം ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.