'അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു, ഇനി സംവിധാനം മതിയെന്ന് കരുതി അപ്പോഴാണ് അത് എന്റെ കയ്യിൽ കിട്ടുന്നത്'
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് പൊൻമാൻ. ചിത്രം അടുത്തിടെ ഒടിടിയിൽ എത്തിയപ്പോഴും തരംഗമായി മാറിയിരുന്നു. ചിത്രത്തിൽ ബേസിൽ അവതരിപ്പിച്ച പി പി അജേഷ് എന്ന കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് പൊന്മാന്റെ തിരക്കഥ രചിച്ചത്. ഇപ്പോഴിതാ താൻ പൊന്മാനിൽ എത്തിപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.
'രണ്ടുവർഷം മുൻപാണ് നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ വായിക്കുന്നത്. അന്ന് ഇനി സിനിമ ചെയ്യുന്നില്ല, അഭിനയത്തിൽ നിന്ന് വിട്ടുനിന്ന് ഡയറക്‌ട് ചെയ്യുന്ന സിനിമയുടെ തിരക്കിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാലും ബുക്ക് ഒന്ന് വായിച്ചുനോക്കൂ എന്ന് പറഞ്ഞാണ് ബെന്നിച്ചേട്ടൻ നോവൽ തന്നത്. വായിച്ചുകഴിഞ്ഞപ്പോൾ ഇനി എന്തൊക്കെ വന്നാലും ഈ സിനിമ ചെയ്യണമെന്ന ആഗ്രഹം ഭയങ്കരമായി തോന്നി. അജേഷ് എന്ന കഥാപാത്രം സിനിമ കണ്ടുകഴിഞ്ഞാലും കൂടെ തന്നെ നിൽക്കും. മനസിൽ നിന്ന് പോകില്ല. ബുക്ക് വായിച്ചവർക്കും അങ്ങനെ തന്നെയായിരിക്കും'- ബേസിൽ പറഞ്ഞു.
ലിജിമോൾ ജോസ്, ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ, കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.