'അന്ന് മമ്മൂട്ടിയെ പറ്റിച്ചു, ഇന്ദ്രൻസിന്റെ ആ സിനിമ തമിഴിൽ റീമേക്ക് ചെയ്യാൻ കഴിയില്ലെന്ന് സംവിധായകൻ ഉറപ്പിച്ചുപറഞ്ഞു'
നടൻ ഇന്ദ്രൻസിന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി കടന്നുവന്ന സുരേന്ദ്രൻ എങ്ങനെയാണ് മികച്ച സ്വഭാവ നടനായ ഇന്ദ്രൻസായി മാറിയതെന്ന കഥ ആലപ്പി അഷ്‌റഫ് പറയുന്നു. തമിഴിലെ പ്രമുഖ സംവിധായകൻ ചേരൻ, ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞതും അദ്ദേഹം യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
'കോസ്റ്റ്യൂം ഡിസൈനറായാണ് ഇന്ദ്രൻസ് ആദ്യം സിനിമയിലെത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഒരു ചിത്രത്തിലുണ്ടായ അനുഭവത്തെക്കുറിച്ച് ഒരിക്കൽ ഇന്ദ്രൻസ് പറയുകയുണ്ടായി. അന്ന് മമ്മൂട്ടി ധരിച്ചിരുന്നത് ഡിപി എന്ന ബ്രാൻഡ് ഷർട്ടായിരുന്നു. ഒരിക്കൽ ആ ഷർട്ട് വാങ്ങാൻ പണമില്ലായിരുന്നു. ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ഇന്ദ്രൻസ് അവിടെ തയ്ച്ചുവച്ചിരുന്ന ഷർട്ടിൽ ഡിപിയുടെ മുദ്ര തുന്നിച്ചേർത്ത് കളളത്തരം ചെയ്തു. അതിനുശേഷം ഷർട്ട് നന്നായി പായ്ക്ക് ചെയ്ത് മമ്മൂട്ടിക്ക് നൽകി. മമ്മൂട്ടി സന്തോഷത്തോടെ ആ ഷർട്ട് ധരിച്ച് അഭിനയിക്കുകയും ചെയ്തു.
സംവിധായകരായ രാജസേനന്റെയും ഭദ്രന്റെയും സിനിമകളിലാണ് ഇന്ദ്രൻസ് സജീവമായി അഭിനയിച്ച് തുടങ്ങിയത്. നീണ്ടകഴുത്തും പ്രത്യേക ശബ്ദവുമുളള ഇന്ദ്രൻസിനെ കുടക്കമ്പി എന്നാണ് പല സിനിമാസെറ്റുകളിലും അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പല സംവിധായകൻമാരും ദുഃഖം കലർന്ന സീനുകളിലും ക്ലൈമാക്സ് സീനുകളിലും ഇന്ദ്രൻസിനെ ഒഴിവാക്കുമായിരുന്നു. സീനിന്റെ ഗൗരവും ചോർന്നുപോകുമെന്നാണ് പല സംവിധായകൻമാരും ന്യായം പറയുന്നത്.
മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത നടനാണ് ഇന്ദ്രൻസ്. അസൂയയും കുശുമ്പും ഇന്ദ്രൻസിന്റെ നിഖണ്ഡുവിലേയില്ല. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ വിവാഹം കഴിക്കാൻ വരെ ബുദ്ധിമുട്ടിയിരുന്നതായി നടൻ പറഞ്ഞിട്ടുണ്ട്. ഈർക്കിലുപോലുളള വ്യക്തിയായതുകൊണ്ടാണ് വിവാഹം നീണ്ടുപോയതെന്ന് അദ്ദേഹം പറയാറുണ്ട്. ഭാര്യയെക്കുറിച്ച് ഇന്ദ്രൻസ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ടതുകൊണ്ടാണ് ഭാര്യ, തന്നെ വിവാഹം കഴിച്ചതെന്നാണ് ഇന്ദ്രൻസ് പറയുന്നത്.
ഇന്ദ്രൻസ് അഭിനയിച്ച ഹോം എന്ന ചിത്രത്തിനെ തേടി ഒരുപാട് പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകൻ ചേരൻ ഹോം കണ്ടിട്ട് ഇങ്ങനെയാണ് പറഞ്ഞത്, സിനിമ കണ്ടതിനുശേഷം നാല് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ്. തമിഴിൽ ആ സിനിമ റീമേക്ക് ചെയ്യാൻ കഴിയില്ലെന്ന് ചേരൻ ഉറപ്പിച്ചുപറഞ്ഞു. കാരണം ഇന്ദ്രൻസിനെ പോലൊരു നടൻ തമിഴിൽ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.