'സാറുമ്മാര് എന്റെ കൈയ്യും കാലും തല്ലിയൊടിച്ചു' പൊലീസിനെതിരെ കൊലക്കേസ് പ്രതി ബ്രഹ്മജിത്ത്
തൃശ്ശൂർ: നല്ലങ്കരയിൽ ലഹരി പാർട്ടിക്കിടെ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ കൈയ്യും കാലും തല്ലിയൊടിച്ചെന്ന് കൊലക്കേസ് പ്രതി ബ്രഹ്മജിത്ത്. പരുക്കേറ്റ ബ്രഹ്മജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിസംഘത്തിലെ ആറ് ഗുണ്ടകൾക്കും പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ബർത്ത്ഡേ പാർട്ടിക്കിടെ സംഘർഷം ഉണ്ടായത്. തുടർന്ന് പാർട്ടി നടത്തിയവരുടെ മാതാവ് ശമീലയാണ് തൃശ്ശൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്
തന്റെ മക്കളായ അൽത്താഫും അഹദും വീട്ടിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് ശമീല പൊലീസിനെ വിളിച്ചത്. ഇവരുടെ കൂട്ടുകാരും സംഘർഷത്തിൽ പങ്കാളികളായിരുന്നു. ഇവരെല്ലാവരും ബഹളമുണ്ടാക്കി തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ശമീലയുടെ പരാതി.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ നിന്നു ഉദ്യോഗസ്ഥരെത്തി പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ട് പൊലീസ് ജീപ്പുകളിലുമായി ഉദ്യോഗസ്ഥർ വന്നിട്ടും ഇവരെ പ്രതിരോധിക്കാനായില്ല. പിന്നീട് മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരടക്കം എത്തിയാണ് ഇവരെ പിടികൂടിയത്.
ഏറെ ബലപ്രയോഗത്തിനൊടുവിലാണ് ആറു പ്രതികളെയും കീഴ്പ്പെടുത്താനായത്. ഇതിനിടെ പ്രധാന പ്രതി ബ്രഹ്മജിത്തിന്റെ കൈയ്യൊടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ സബ് ഇൻസ്പെക്ടർ ജയൻ, സിവിൽ പൊലീസ് ഓഫീസർ അജു എന്നിവർക്കാണ് പരിക്കേറ്റത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.