ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ചാവേറാക്രമണം,​ വീഡിയോകളും മാപ്പും പുറത്തുവിട്ട് പാക് വ്യോമസേന

Sunday 15 September 2019 11:28 PM IST

ഇസ്ലാമാബാദ്: ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ബലാകോട്ട് ഭീകരക്യാമ്പ് ആക്രമണത്തിന് പ്രതികാരമായി ഇന്ത്യയെ ലക്ഷ്യമിട്ട് തയ്യാറാക്കിയ ആക്രമണ പദ്ധതിയുടെ മാപ്പുകളും വീഡിയോയും പുറത്തുവിട്ട് പാകിസ്ഥാൻ. ഇന്ത്യയിലെ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ചാവേറാക്രമണ ശ്രമങ്ങളുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 26 നാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന അതിർത്തി കടന്ന് ആക്രമിച്ച് തകർത്തത്. പാകിസ്ഥാനിലെ ബലാകോട്ട് മേഖലയിലെ ജയ്ഷെ ഇ മുഹമ്മദ് പരിശീലന ക്യാമ്പാണ് തകർത്തത്.

ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 27 ന് നടത്തിയ സൈനിക ഓപ്പറേഷനായ ‘ഓപ്പറേഷൻ സ്വിഫ്റ്റ് റിട്ടോർട്ട്’ എന്ന വിഷയത്തിൽ പാകിസ്ഥാൻ വ്യോമസേന ഒരു റിപ്പോർട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ ബോംബുകളിലൊന്ന് ഇന്ത്യൻ സൈന്യത്തിന്റെ സൈനിക താവളത്തിനു പുറത്തിട്ടതിന്റെ വിഡിയോയും പാക് വ്യോമസേന പുറത്തുവിട്ടു. ജമ്മുവിലെ നരിയൻ സൈനിക താവളം ലക്ഷ്യമിട്ടാണ് പോർ‌വിമാനങ്ങളിൽ നിന്ന് ബോംബുകൾ വിന്യസിച്ചതെന്ന് പാക് വ്യോമസേന പറഞ്ഞു. ഫെബ്രുവരി 27 ലെ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ മിഗ് -21 തകരുന്ന ഫോട്ടോകളും പാക് വ്യോമസേന പ്രദർശിപ്പിച്ചു. അന്നത്തെ എല്ലാ ഡേറ്റയും സ്വതന്ത്ര പരിശോധനയ്ക്ക് ലഭ്യമാണെന്ന് വ്യോമസേന അവകാശപ്പെട്ടു.