ഈ യാത്ര പുതിയ യുഗത്തിന്റെ തുടക്കം,​ ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

Saturday 28 June 2025 7:43 PM IST

ന്യൂഡൽഹി : ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി ശുംഭാംശുവുമായി തത്സമയം സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇരുവരുടെയും സംഭാഷണം തത്സമയം സ്ട്രീം ചെയ്തു.

ഈ യാത്ര എന്റേതു മാത്രമല്ല,​ രാജ്യത്തിന്റെ കൂടെയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു. ശുഭാംശു ബഹിരാകാശ നിലയത്തിൽ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. നിങ്ങൾ നമ്മുടെ മാതൃരാജ്യത്തിൽ നിന്ന് അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നുവെന്നു് പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശത്ത് നിന്ന് ഇതുവരെ എന്തൊക്കെ കണ്ടുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനും ശുക്ല മറുപടി നൽകി. സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസം 16തവണ ഞങ്ങൾക്ക് കാണാം. ഇവിടെ നിന്ന് നോക്കുമ്പോൾ ഭാരതം കാണാൻ സുന്ദരമാണ്. നമ്മുടെ രാജ്യം അതിവേഗം മുന്നോട്ടു പോകുകയാണെന്നും ശുംഭാംശു പറഞ്ഞു. ഗഗൻയാന് സ്വന്തം സ്പേസ് സ്റ്റേഷൻ,​ ചന്ദ്രയാൻ തുടങ്ങി എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് മോദി പറഞ്ഞു.