ജില്ലാ വികസന സമിതി യോഗത്തിൽ പരാതിപ്രളയം

Sunday 29 June 2025 12:17 AM IST

കോട്ടയം : മണിമല സബ്സ്‌റ്റേഷൻ വഴിയുള്ള വൈദ്യുതി വിതരണത്തിലെ പരാതികൾ ഏറുകയാണെന്നും ശാശ്വതമായ പരിഹാരനടപടി വേണമെന്നും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എരുമേലി മണിമല വഴി പുതിയ ലൈൻ വലിക്കുന്നതിനുളള നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി നദികളിലെയും പുഴകളിലെയും മണ്ണും മണലും ചെളിയും വാരിമാറ്റുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ തേടണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. ടെൻഡർ വിളിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ ആരും കരാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും ദുരന്തനിവാരണ നിയമത്തിൽ ഉൾപ്പെടുത്തി പരിഹാരങ്ങൾ തേടാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.