ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു

Saturday 28 June 2025 9:42 PM IST

വേങ്ങാട്: വേങ്ങാട് ഗ്രാമ പഞ്ചായത്ത് പാലയാട് അസാപ്-എൻ.ടി.ടി.എഫ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായി സഹകരിച്ച് ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കിൽ ട്രെയിനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ അനന്തമായ ജോലി സാദ്ധ്യതകളെക്കുറിച്ചും എൻ.ടി.ടി.എഫ് പ്രിൻസിപ്പാൾ ആർ അയ്യപ്പൻ വിഷയം അവതരിപ്പിച്ചു. കുട്ടികളിലെ നൈപുണ്യ ശേഷിയെ കണ്ടെത്തി പരിപോഷിപ്പിക്കുക ,അതിൽ കൃത്യതയോടെ ശാസ്ത്രീയമായ രീതിയിൽ പരിശീലനത്തിന് സജ്ജരാക്കുക, സിലബസിനപ്പുറം യഥാർത്ഥ തൊഴിൽ അന്തരീക്ഷത്തിന്റെ പ്രാഥമിക അനുഭവമാണ് ഇത്തരം പരിപാടികളിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത് . പുതിയ തലമുറകൾക്ക് സ്വയം സംരംഭകരാകുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യവുമായാണ് ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചത്. എൻ.ടി.ടിഎഫ് സീനിയർ ഓഫീസർ വികാസ് പലേരി സ്വാഗതം പറഞ്ഞു.