ബുള്ളറ്റ് മോഷ്ടാവ് അറസ്റ്റിൽ

Sunday 29 June 2025 1:43 AM IST
അനന്തു

പാലക്കാട്: ചന്ദ്രനഗറിലുള്ള ബ്ലൂഡാർട്ട് സ്ഥാപനത്തിലെ ജീവനക്കാരന്റെ റോയൽ എൻഫീൽഡ് ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്തൻ എന്ന മഞ്ച അനന്തനെയാണ് (24)കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേയ് 21ന് തമിഴ്നാട് ഉക്കടത്ത് നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കിൽ വരുന്ന വഴിയാണ് ചന്ദ്രനഗറിൽ നിറുത്തിയിട്ടിരുന്ന ബുള്ളറ്റിന്റെ സൈഡ് ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം മോഷ്ടിച്ചത്. ബൈക്കിന്റെ നമ്പർ തിരുത്തിയ ശേഷം നാട്ടിലെത്തുകയും ചെയ്തു. മോഷണം, മാല പൊട്ടിക്കൽ, കൊലപാതക ശ്രമം തുടങ്ങി 32 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തൻ. ഇയാൾക്കൊപ്പം കളവിന് വന്ന പ്രതിയെ സമാനമായ കേസിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് പിടികൂടിയിട്ടുണ്ട്. പിടികൂടാൻ വന്ന പൊലീസിനെ കാർ ഇടിച്ച് വീഴ്ത്തിയ കേസിലും പ്രതിയാണ് അനന്തുവും സുഹൃത്തും. കേരളം തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലും സമാന കേസിലെ പ്രതികളാണ് ഇരുവരും. കസബ പൊലീസ് ഇൻസ്‌പെക്ടർ എം.സുജിത്ത്, എസ്.ഐ മാരായ എച്ച്.ഹർഷാദ്, വിപിൻ രാജ്, റഹിമാൻ, എ.എസ്.ഐ കാദർപാഷ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.രാജീദ്, ആർ.രഘു, സി.പി.ഒ ശ്രീലത എന്നിവരാണ് കേസന്വേഷണം നടത്തിയത്.