നായ്പ്പല്ലിനിരയായി അഞ്ചുവയസുകാരൻ കണ്ണൂരിലൊരു രക്തസാക്ഷി

Saturday 28 June 2025 10:02 PM IST

കണ്ണൂർ: പതിനഞ്ചുവർഷം മുമ്പ് കേബിൾ ജോലിക്കായി എത്തി സ്ഥിരതാമസമാക്കിയ തമിഴ്നാട് കള്ളാകുറുശ്ശി സ്വദേശി മണിമാരൻ-ജാതിയ ദമ്പതികൾക്ക് ഒടുവിൽ കണ്ണൂരിന് നൽകേണ്ടിവന്നത് അഞ്ചുവയസുകാരനായ പിഞ്ചോമനയുടെ ജീവൻ. ഇവരുടെ പൊന്നോമന മകൻ ഹാരിത്തിന്റെ ജീവൻ ഇന്നലെ പരിയാരം ഗവ.മെഡിക്കൽകോളേജിൽ വച്ച് വിട്ടുപോയപ്പോൾ നഗരം കൈയടക്കിയ തെരുവുനായകളെ കൈകാര്യം ചെയ്യാൻ കഴിയാത്ത കണ്ണൂരിലെ അധികാരികളുടെ കഴിവില്ലായ്മ കൂടിയാണ് തെളിഞ്ഞത്.

നാളുകളായി കണ്ണൂർ നഗരം കൈയടക്കിവച്ചിരിക്കുകയാണ് തെരുവുനായകൾ. രണ്ടുദിവസത്തിനിടെ 77 പേരെ കടിച്ചുപറിച്ച നായകളെ പിടികൂടാൻ പ്രത്യേകം സർവകക്ഷിയോഗങ്ങൾ വിളിച്ചുചേർത്തെങ്കിലും ഇവയെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഒരുക്കാൻ ഇതുവരെ പൂർണമായും സാധിച്ചിട്ടില്ല. കഴിഞ്ഞ മേയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ഹാരിത്തിന് നായയുടെ കടിയേറ്റത്. വലത് കണ്ണിനും ഇടതു കാലിനുമായിരുന്നു പരിക്ക്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. മൂന്ന് ഡോസ് റാബീസ് വാക്സിൻ നൽകിയെങ്കിലും ജൂൺ പതിനാറോടെ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര സാഹചര്യം മനസിലാക്കി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു കുട്ടി. മുറിവേറ്റ് മുഖത്ത് ഏഴ് തുന്നലുണ്ടായിരുന്നു. മുഖത്തും തലയിലുമുള്ള കടി വൈറസിനെ നേരിട്ട് തലച്ചോറിലേക്ക് എത്തിച്ചിരിക്കാമെന്ന് അധികൃതർ പറയുന്നു. മുഖത്ത് കടിയേറ്റതാണ് സ്ഥിതി വഷളാക്കിയത്.

അന്വേഷണം വേണം: മേയർ

കുട്ടി പേവിഷ ബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കണ്ണൂർ മേയർ മുസ്ളിഹ് മഠത്തിൽ ആവശ്യപ്പെട്ടു. കുത്തിവച്ച മരുന്ന് ഫലപ്രദമായിരുന്നോ എന്ന് സർക്കാർ തലത്തിൽ അന്വേഷിക്കണം. തെരുവ് നായകൾ മനുഷ്യരെ കടിച്ചുകൊല്ലുമ്പോൾ മൃഗസ്‌നേഹികൾ എന്നു പറഞ്ഞ് ചിലർ പരാതിയുമായി പോകുന്നത് മരുന്ന് കമ്പനികൾക്ക് വേണ്ടിയാണോ എന്ന് സംശയം തോന്നുന്നു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ നിയമം വേണമെന്നും മേയർ പറഞ്ഞു.

പരസ്പരം പഴിചാരി കോർപറേഷനും ജില്ലാപഞ്ചായത്തും

തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി തർക്കത്തിലാണ് കോർപറേഷനും ജില്ലാ പഞ്ചായത്തും. ജില്ലാ പഞ്ചായത്തിന് ചെയ്യാൻ സാധിക്കുന്നത് അനിമൽ ബർത് കൺട്രോൾ (എ.ബി.സി) കേന്ദ്രം സ്ഥാപിക്കലാണ്, സംസ്ഥാനത്ത് ആദ്യമായി എ.ബി.സി കേന്ദ്രം തുടങ്ങുന്നത് കണ്ണൂർ ജില്ലാ പഞ്ചായത്താണ്. സുപ്രീംകോടതി വരെ കേസിനു പോയശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്.അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ കൊല്ലാൻ പാടില്ല. പകരം ഷെൽട്ടർ ഹോം നിർമ്മിച്ച് അതിൽ പാർപ്പിക്കണമെന്നാണ് നിയമം. അത് ചെയ്യേണ്ടത് കോർപറേഷനാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാം ചെയ്യേണ്ടത് ജില്ലാ പഞ്ചായത്താണെന്ന നിലപാടിലാണ് കോർപറേഷൻ. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി പദ്ധതി തയാറാക്കിയതും ഫണ്ട് സമാഹരിച്ചതും ജില്ലാ പഞ്ചായത്താണെന്നാണ് കോർപറേഷന്റെ വാദം.

ഭയക്കണം പേ വിഷ ബാധ

നായയുടെയോ കുറുക്കന്റെയോ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കുത്തിവയ്പ്പും പ്രധാനം

 മുറിവ് ചെറുതാണെങ്കിലും നിസാരമാക്കരു

മുറിവേറ്റ ഭാഗം എത്രയും വേഗം സോപ്പുപയോഗിച്ച് 15 മിനിറ്റ് കഴുകണം.

വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കരുത്.