പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 32 പേർ മരിച്ചു
Saturday 28 June 2025 10:13 PM IST
ലാഹോർ: പാകിസ്ഥാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 കുട്ടികൾ ഉൾപ്പെടെ 32 പേർ മരിച്ചു. പഖ്തുൻഖ്വ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്. ബുധനാഴ്ച മുതൽ കിഴക്കൻ പ്രവിശ്യയായ പഞ്ചാബിൽ കുറഞ്ഞത് 13 പേരെങ്കിലും പ്രളയത്തിൽ കൊല്ലപ്പെട്ടെന്ന് പ്രദേശത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വീടിന്റെ മേൽക്കൂര തകർന്നാണ് നിരവധി പേർ മരിച്ചത്. ആകെ മരണങ്ങളിൽ 13 എണ്ണവും വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ വീടിന്റെ മതിലുകളും മേൽക്കൂരകളും തകർന്നു വീണു.
ഖൈബർ പഖ്തുൻഖ്വയിൽ വെള്ളപ്പൊക്കത്തിൽ 56ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, അതിൽ ആറെണ്ണം പൂർണ്ണമായും നിലംപൊത്തി. ചൊവ്വാഴ്ച വരെ മേഖലയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.