ഹരിതകർമ്മസേന അക്കൗണ്ടിലെ തിരിമറി: ഒത്തുകളിയെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ

Sunday 29 June 2025 3:30 AM IST

തിരുവനന്തപുരം: പുന്നയ്ക്കാമുഗൾ വാർഡിലെ ഹരിതകർമ്മസേന അക്കൗണ്ടിലെ തിരിമറിയിൽ കൂടുതൽ പ്രതികരണവുമായി അംഗങ്ങൾ രംഗത്ത്. സംഭവത്തിൽ വാർഡ് കൗൺസിലറും ഗ്രൂപ്പ് പ്രസിഡന്റും ഒത്തുകളിക്കുന്നുവെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ കേരള കൗമുദിയോട് പറ‌ഞ്ഞു.ക്രമക്കേട് സംബന്ധിച്ച വാർത്ത കേരള കൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.

വാർഡ് കൗൺസിലർ ഹരിതകർമ്മ സേനാംഗമായ പ്രതിഭ എന്ന അംഗത്തെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വാർഡ് കൗൺസിലർക്ക് അനുകൂലമായി പറഞ്ഞില്ലെങ്കിൽ ആരും കൂടെ നിൽക്കില്ലെന്നും ജോലി പോകുമെന്നും പ്രതിഭയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തിൽ നഗരസഭ അന്വേഷണം നടക്കുകയാണ്.ഗ്രൂപ്പ് പ്രസിഡന്റുതന്നെ തുക തിരിമറി നടത്തിയെന്നാണ് അംഗങ്ങൾ ഉറപ്പിച്ചുപറയുന്നത്.

മാസംതോറും 2.5 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങൾ യൂസർഫീയായി പിരിച്ചു നൽകുന്നുണ്ട്.ഇതിൽ 10 ശതമാനം തുക കോർപ്പസ് ഫണ്ടിനായി മാറ്റി വയ്ക്കണം.ഈ തുക വിശേഷദിവസങ്ങൾ വരുമ്പോൾ അംഗങ്ങൾക്ക് ബോണസായി നൽകണമെന്നാണ് ഉത്തരവ്.എന്നാൽ പുന്നയ്ക്കാമുഗൾ വാർഡിലെ അക്കൗണ്ടിൽ ഈ തുകയുമില്ല.മാസം തോറും 10 ശതമാനം മാറ്റിവയ്ക്കേണ്ട തുക വരെ തിരിമറി നടത്തിയെന്നാണ് ആക്ഷേപം. അതേസമയം ഹരിതകർമ്മസേനയാണ് പണം മുക്കിയതെന്ന വാർഡിലെ റസിഡന്റ്സ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ കൗൺസിലറിന്റെ ശബ്ദസന്ദേശവും പുറത്തായി. ഗ്രൂപ്പ് പ്രസിഡന്റിനെ കൊണ്ട് വാട്സാപ്പ് ഗ്രൂപ്പിൽ കുറ്റസമ്മതം നടത്തുന്ന രീതിയിലാണ് ശബ്ദസന്ദേശം.അഴിമതി ആരോപണവും കൗൺസിലറുടെ ഭീഷണിയും ചൂണ്ടിക്കാട്ടി ഹരിതകർമ്മസേന യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ 30ന് പ്രതിഷേധപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

കൺസോർഷ്യം രൂപീകരിക്കാൻ നഗരസഭ

ഹരിതകർമ്മ സേനയിലെ അക്കൗണ്ടിലെ ക്രമക്കേട് തടയാൻ കൺസോർഷ്യം രൂപീകരിക്കാൻ നഗരസഭ.100 വാർഡിനെ നാലായി തിരിച്ച് 25 വാർഡുകൾ വച്ച് കൺസോർഷ്യം രൂപീകരിക്കാനാണ് തീരുമാനം. ഓരോ കൺസോർഷ്യത്തിനും ഒരു പ്രസിഡന്റ്,​സെക്രട്ടറി,​അക്കൗണ്ടന്റ് എന്നിവരുണ്ടാകും.