രാജ്യത്തിന്റെ വിജയം: ശുഭാംശു

Sunday 29 June 2025 12:49 AM IST

തിരുവനന്തപുരം: ബഹിരാകാശ യാത്ര തന്റേതു മാത്രമല്ല,​ രാജ്യത്തിന്റെ മൊത്തം വിജയമാണെന്ന് സ്പേസ് സ്റ്റേഷനിലിരുന്ന് ശുഭാംശു പ്രധാനമന്ത്രിയോട് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർന്നു. പുതിയ അനുഭവത്തെ ഒരു സ്‌പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ.

മോദി: അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത്‌ തോന്നുന്നു

ശുഭാംശു: മാപ്പിൽ കാണുന്നപോലെ അതിർത്തികളൊന്നും കാണാനില്ല.

മോദി: അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യസ്തമാണ്

ശുഭാംശു: എല്ലാം വ്യത്യസ്തം. ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെ ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്നു. നല്ല തീരുമാനമെടുക്കാൻ സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നു.

മോദി: ഇപ്പോൾ എന്ത് പരീക്ഷണമാണ് നടത്തുന്നത്

ശുഭാംശു: സ്റ്റം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോ ലെവലിലാണ് രണ്ടാമത്തെ പരീക്ഷണം.

മോദി: രാജ്യം ശുഭാംശുവിനെ ഓർത്ത് അഭിമാനിക്കുന്നു. ഗഗൻയാന് സ്വന്തം സ്‌പേസ് സ്റ്റേഷൻ, ചന്ദ്രനിലേക്കുള്ള പദ്ധതികൾ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകും.

ശുഭാംശു: ഈ അനുഭവങ്ങൾ വലിയ പാഠമാണെന്നും എല്ലാം ഭാവി പരീക്ഷണങ്ങളിലും സഹായിക്കും. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഹൽവ, ചെറുപയർ പരിപ്പ് എന്നിവ പങ്കുവച്ചു. എല്ലാവർക്കും ഇന്ത്യൻ രുചി ഇഷ്ടമായി.

രാജ്യം മുഴുവൻ കാതോർത്ത സംഭാഷണം പിന്നീട് പ്രധാനമന്ത്രി എക്സിലും പങ്കുവച്ചു.