കൊട്ടിയൂരിൽ നാളെ മകം കലം വരവ് സ്ത്രീകൾക്ക് പ്രവേശനം നാളെ ഉച്ചവരെ

Saturday 28 June 2025 10:55 PM IST

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ മകം കലം വരവ് നാളെ നടക്കും.തിങ്കളാഴ്ച മകം നാൾ ഉച്ചശീവേലി ആരംഭിക്കുമ്പോൾ സ്ത്രീകൾ സന്നിധാനത്തിന് പുറത്തേക്ക് മടങ്ങും.പിന്നീട് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. ശീവേലി പൂർത്തിയാക്കി കഴിഞ്ഞ് ആനകളും വിശേഷ വാദ്യങ്ങളും സന്നിധാനത്തിൽ നിന്ന് മടങ്ങും.

സന്ധ്യ കഴിഞ്ഞ് മുഴക്കുന്ന് നല്ലൂരിൽ നിന്നും നല്ലൂരാൻ സ്ഥാനികർ കലങ്ങളുമായി സന്നിധാനത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ കൊട്ടിയൂരിൽ നിഗൂഢ പൂജാദിനങ്ങൾ ആരംഭിക്കും.

വൈശാഖ മഹോത്സവത്തിൽ മൂന്നാമത്തെ വലിയ വട്ടളം പായസം ആയില്യം ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു.ഉച്ചയ്ക്ക് പന്തീരടി പൂജയ്‌ക്കൊപ്പമാണ് ചതുശ്ശതം പായസനിവേദ്യം നടത്തിയത്. പൊൻമലേരി കോറോം തറവാട് വകയായിരുന്നു ഇന്നലെ നടത്തിയ പായസ നിവേദ്യം. അത്തം നാളിലാണ് നാലാമത്തെ പായസ നിവേദ്യമായ അത്തം ചതുശ്ശതം വലിയ വട്ടളം പായസനിവേദ്യം നടത്തുന്നത്.ഇന്നലെയും അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കായിരുന്നു.