ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി, ഭാരതീയനായതിൽ അഭിമാനം; താങ്കൾ ജനതയുടെ ആവേശം

Sunday 29 June 2025 12:13 AM IST

തിരുവനന്തപുരം: ഹോ... എത്ര സുന്ദരം, ഇവിടുന്ന് നോക്കുമ്പോൾ ഇന്ത്യ. സ്പേസ് സ്റ്റേഷനിലിരുന്ന് ശുഭാംശു ശുക്ള പ്രാധനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.

140 കോടി ജനങ്ങളുടെ അഭിമാനവും ആവേശവുമാണ് താങ്കൾ. ബഹിരാകാശത്തിൽ ദേശീയപതാക പാറിച്ചതിൽ അഭിനന്ദനങ്ങൾ - മോദി മറുപടി നൽകി.

ബഹിരാകാശ നിലയത്തിലെത്തിയതിന്റെ രണ്ടാംനാൾ പ്രധാനമന്ത്രിയുമായി വീഡിയോ സ്ട്രീമിംഗിൽ സംസാരിക്കുകയായിരുന്നു ശുഭാംശു. ഇപ്പോൾ പുറത്തേക്ക് നോക്കുമ്പോൾ ഞങ്ങൾ ഹവായിയുടെ മുകളിലാണ്. അതിർത്തികളില്ല, രാജ്യങ്ങളില്ല, ഭൂമി ഒന്നാണെന്ന് തോന്നും. അങ്ങയുടെ നേതൃത്വത്തിൽ രാജ്യത്തിന് പ്രതീക്ഷകൾ നിറവേറ്റാൻ നിരവധി അവസരം കിട്ടുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനം തോന്നുന്നെന്നും ശുഭാംശു പറഞ്ഞു. .

താങ്കളിപ്പോൾ ജന്മനാട്ടിൽ നിന്ന് ഏറെ അകലെയാണ്. എന്നാൽ മുഴുവൻ ഭാരതീയരുടെയും ഹൃദയത്തിലുണ്ടെന്ന് മോദി ഓർമ്മിപ്പിച്ചു .'ശുഭം' എന്നത് താങ്കളുടെ പേരിലുണ്ട്. താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈസമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശമുണ്ടെന്നും പറഞ്ഞു.

മോദി: യുവാക്കൾക്ക് എന്ത് സന്ദേശം നല്കുന്നു

ശുഭാംശു: വലിയ സ്വപ്നങ്ങൾ കാണണം.വിജയത്തിലേക്ക് ഒന്നല്ല, പല വഴികളുണ്ട്. പരിശ്രമം തുടരണം. ചന്ദ്രയാന്റെ വിജയത്തോടെഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയരീതിയിൽ ഉയർന്നു. സ്പെയ്സ് സ്റ്റേഷൻയാത്രയോടെ അത് കൂടുതൽ വർദ്ധിച്ചു. ഭാവി പരീക്ഷണങ്ങൾക്കും ഇത് വലിയ പ്രചോദനമാകും.