താജ്‌മഹലിൽ ചോർച്ച, കേട് പ്രധാന താഴികക്കുടത്തിന്
ന്യൂഡൽഹി: തീവ്ര പ്രണയത്തിന്റെ പ്രതീകവും ലോകാദ്‌ഭുതങ്ങളിലൊന്നുമായ താജ്ഹലിന്റെ പ്രധാന താഴികക്കുടത്തിൽ വൻ ചോർച്ച. പരിഹരിക്കാൻ ആറുമാസം വേണമെന്ന് ആർക്കിയോജളിക്കൽ സർവെ ഒഫ് ഇന്ത്യ അറിയിച്ചു. സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് അറ്റകുറ്റപ്പണിക്കാണ് നീക്കം.
ലേസർ സാങ്കേതിവിദ്യ ഉപയോഗിക്കുന്ന ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) പരിശോധനയിലാണ് 75 അടി ഉയരമുള്ള താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തിയത്. ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരങ്ങൾ ഇതിനു താഴെയാണ്. ചോർച്ചയുടെ ആഴമറിയാൻ പരിശോധന രണ്ടാഴ്‌ച കൂടി തുടരും. അതിനു ശേഷമാകും പരിഹാര നടപടികൾ തുടങ്ങുക.
കഴിഞ്ഞ കൊല്ലവും പ്രധാന താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തിയിരുന്നു. ആഗ്രയിൽ പെയ്‌ത കനത്ത മഴയിൽ താജ്‌മഹലിന് ചുറ്റും വെള്ളം കയറിയത് പ്രശ്നമായെന്നാണ് അന്ന് വിലയിരുത്തിയത്.
പ്രധാന താഴികക്കുടം:
ഷാജഹാന്റെയും മുംതാസിന്റെയും ഖബറിന് നേരെ മുകളിൽ ഉള്ളിയുടെ ആകൃതിയിൽ (ഒനിയൻ ഡോം). 18.4 മീറ്റർ വ്യാസം. മുകളിൽ 9.6 മീറ്റർ നീളമുള്ള സ്വർണം പൂശിയ കൂർത്ത ഭാഗം. പ്രധാന താഴികക്കുടത്തിന് ചുറ്റും നാല് ചെറിയ താഴികക്കുടങ്ങൾ
കാരണം ഇവയാകാം
1 താഴികക്കുടത്തിലെ മാർബിളിനെ കൂട്ടിയോജിപ്പിക്കുന്ന കുമ്മായം അടർന്നത്
2 താഴികക്കുടത്തിന്റെ മേൽക്കൂരയിലെ ഘടനാപരമായ ബലഹീനത
3 താഴികക്കുടത്തിന് മുകളിലുള്ള കൂർത്ത ഭാഗത്തെ താങ്ങുന്ന ഇരുമ്പ് പ്ളാറ്റ്ഫോം തുരുമ്പിച്ചത്
₹100 കോടി
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ താജ‌്‌മഹൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. പ്രതിവർഷം നൂറു കോടിക്കടുത്താണ് ടിക്കറ്റ് വരുമാനം.
വാസ്‌തുവിദ്യാ അതിശയം
മൂന്നാംഭാര്യ മുംതാസിനോടായിരുന്നു ഷാജഹാന് ഏറെ ഇഷ്ടം. പ്രസവത്തെത്തുടർന്ന് അകാല മരണം. അതീവ ദുഃഖിതനായ ഷാജഹാൻ പ്രിയതമയുടെ ശവകുടീരം സ്ഥാപിച്ചിടത്ത് പണിതുയർത്തിയതാണ് ലോകവിസ്മയം. ആഗ്രഹയിൽ യമുനാ തീരത്ത് താജ്മഹൽ പൂർത്തിയാക്കാൻ 21 വർഷമെടുത്തു (1632-53). പേർഷ്യൻ ശില്പി ഉസ്താദ് അഹമ്മദ് ലാഹോരിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. മുംതാസിന് അടുത്തു തന്നെയാണ് 1658ൽ മരിച്ച ഷാജഹാന്റെയും ഖബർ.