ഐസിസ് പ്രവർത്തകൻ സാക്വിബ് ചികിത്സയ്‌ക്കിടെ മരിച്ചു

Sunday 29 June 2025 12:38 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ സ്വയംപ്രഖ്യാപിത ഐസിസ് തലവനും നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) മുൻ ഭാരവാഹിയുമായ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ(57) ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ജൂൺ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹിയിലും മഹാരാഷ്ട്രയിലെ പഡ്ഗ മേഖലയിലും ഐസിസുമായി ബന്ധപ്പെട് പ്രവർത്തനങ്ങൾ നടത്തിയതിന് 2023ൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) അറസ്റ്റു ചെയ്ത സാക്വിബ് തിഹാർ ജയിലിലായിരുന്നു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്. 1990-2000 കാലഘട്ടത്തിൽ സിമിയിൽ സജീവമായിരുന്ന ഇയാൾക്ക് 2002-2003 കാലത്ത് മുംബയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. പോട്ട നിയമപ്രകാരം 10 വർഷ തടവ് ശിക്ഷ ലഭിച്ചെങ്കിലും അഞ്ചു മാസത്തെ ശിക്ഷ ഇളവോടെ 2017 ൽ ജയിൽ മോചിതനായി. അതുകഴിഞ്ഞാണ് 2023ൽ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യൽ, സ്‌ഫോടക വസ്‌തു നിർമ്മാണം തുടങ്ങിയവയുടെ പേരിൽ വീണ്ടും അറസ്റ്റിലാകുന്നത്.