ജില്ലയിൽ മണ്ണെണ്ണ വിതരണം അവതാളത്തിൽ

Sunday 29 June 2025 12:07 AM IST

ആലപ്പുഴ: സ്റ്രോക്ക് ലഭിക്കാത്തതിനാൽ മണ്ണെണ്ണ വിതരണം പൂർണതോതിൽ ആരംഭിക്കാനാകാതെ ജില്ലയിലെ റേഷൻ വ്യാപാരികൾ. മണ്ണെണ്ണ ഡിപ്പോകൾ സ്റ്റോക്ക് എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ആറ് താലൂക്കുകളുള്ള ജില്ലയിൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ,​ ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോകളില്ലാത്തതിനാൽ മറ്റ് താലൂക്കുകളിലെ ഡിപ്പോകളിലെത്തി വേണം ഇവിടെയുള്ളവർ സ്റ്രോക്ക് എടുക്കേണ്ടത്. 2025-26 വർഷത്തെ ആദ്യപാദം (ഏപ്രിൽ-ജൂൺ) വരെയുള്ള മണ്ണെണ്ണ വിതരണാണ് ഇപ്പോൾ തുടങ്ങിയത്. 1198 റേഷൻ കടകുള്ള ജില്ലയിൽ 200 കടകളിൽ മാത്രമേ സ്റ്റോക്ക് എത്തിയിട്ടുള്ളുവെന്ന് വ്യാപാരികൾ പറയുന്നു.

ഈ മാസം 30ന് മണ്ണെണ്ണ വിതരണം അവസാനിക്കും. എന്നാൽ കേരളത്തിൽ മണ്ണെണ്ണ വിതരണം വൈകി ആരംഭിച്ചതിനാൽ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എ.വൈ കാർഡുകൾക്ക് ഒരുലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.

സ്റ്റോക്ക് ലഭിക്കുന്നില്ല

 സ്റ്റോക്ക് എത്തിക്കാൻ ടാങ്കർ ലോറി ഇല്ലെന്ന കാരണമാണ് ഡിപ്പോ അധികൃതർ പറയുന്നത്

 സ്റ്രോക്ക് എത്തിക്കാൻ നിലവിൽ ഒരു വാഹനം മാത്രമാണുള്ളതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു

 രണ്ടുവർഷമായി മണ്ണെണ്ണ വിതരണം മുടങ്ങിയിരുന്നതിനാൽ പലരും ടാങ്കർ ലോറികൾ വിറ്റിരുന്നു  തിങ്കളാഴ്ച സ്റ്റോക്ക് എത്തുമെന്നാണ് നിലവിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

റേഷൻ കടകൾ (ഡിപ്പോഅടിസ്ഥാനത്തിൽ)

ചേ‌ർത്തല: 288

അമ്പലപ്പുഴ:196

കുട്ടനാട്:114

കാർത്തികപ്പള്ളി:255

മാവേലിക്കര:219

ചെങ്ങന്നൂർ:126

ഗുണഭോക്താക്കൾ (വിഭാഗം, കാർഡുകൾ,​ ഗുണഭോക്താക്കൾ)

എ.എ.വൈ: 38923, 122107

പി.എച്ച്.എച്ച്: 277748, 998575

എൻ.പി.എസ്: 119937, 455265

എൻ.പി.എൻ.എസ്: 186038, 675899

വില ലിറ്ററിന്: ₹ 61

ജില്ലയിൽ റേഷൻ കടകൾ

1198

മണ്ണെണ്ണ സ്റ്റോക്ക് എത്തിയത്

200 കടകളിൽ

മണ്ണെണ്ണ സ്റ്റോക്ക് എത്തിക്കാതെ വ്യാപാരികളെ ബുദ്ധമുട്ടിലാക്കുകയാണ്. സ്റ്രോക്ക് എത്തിച്ച് ജില്ലയിൽ മണ്ണെണ്ണ വിതരണം പൂർണതോതിലാക്കണം

- എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,​ കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.