 ട്രംപിന് ആശ്വാസവിധി പ്രസിഡന്റിന്റെ ഉത്തരവ് ഫെഡറൽ കോടതികൾക്ക് തടയാനാവില്ല

Sunday 29 June 2025 1:47 AM IST

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് യു.എസ് സുപ്രീം കോടതി. ഉത്തരവുകൾ തടയാനുള്ള അധികാരങ്ങൾക്ക് നിയന്ത്രണങ്ങളും വന്നു. 6-3 ഭൂരിപക്ഷത്തോടെയാണ് ജഡ്ജിമാരുടെ അധികാരത്തെ പരിമിതപ്പെടുത്തിയത്. ഫെഡറൽ ജഡ്ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.വിധിയിൽ വിയോജിച്ച മൂന്ന് ജഡ്ജിമാർ കടുത്ത ഭാഷയിൽ ഭൂരിപക്ഷ വിധിന്യായത്തെ വിമർശിച്ചു.

രണ്ടാം തവണ അധികാരത്തിൽ വന്ന ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച കേസിലാണ് വിധി.

ഇത് വലിയ നേട്ടമാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. തന്റെ നിരവധി നയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജന്മാവകാശ നിയമവുമായും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിറുത്തുന്ന നിയമവുമായും മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. രണ്ടാം തവണ അധികാരമേറ്റെടുത്തതിന്ന് ശേഷം ട്രംപ് ജന്മാവകാശ നിയമം എടുത്തുകളയുന്ന ഉത്തരവിൽ ഒപ്പിടുകയായിരുന്നു. അമേരിക്കയിൽ ജനിച്ച കുട്ടികൾക്ക് അമേരിക്കൻ പൗരത്വം എന്നതായിരുന്നു ജന്മാവകാശ നിയമത്തിൽ ഉണ്ടായിരുന്നത്. നിരവധി ഹർജികളാണ് ട്രംപിന്റെ ഈ നീക്കത്തിനെതിരെ യുഎസിലെ വിവിധ കോടതികളിൽ ഉണ്ടായിരുന്നത്. പുതിയ വിധിയിലൂടെ കീഴ് കോടതികളിലെ ഹർജികളുടെ കാര്യവും അനിശ്ചിതത്വത്തിലായി.

നേരത്തെ ക്യാപിറ്റോൾ അക്രമണക്കേസിൽ, അധികാരത്തിലിരുന്ന സമയത്തെ കാര്യങ്ങളിൽ പ്രസിഡന്റ് വിചാരണ നേരിടേണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡർ വ്യക്തികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിനും സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു.