ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്ഥാൻ പുനർനി‌ർമ്മിക്കുന്നു

Sunday 29 June 2025 1:49 AM IST

ഇസ്ലാമാബാദ്: പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്ഥാൻ പുനർനിർമ്മിക്കുന്നായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്ത പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ലോഞ്ച്പാഡുകൾ നിർമ്മിച്ചുതുടങ്ങിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. പാകിസ്ഥാൻ സർക്കാർ,സൈന്യം,രഹസ്യാന്വേഷണ വിഭാഗമായ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐ.എസ്‌.ഐ) എന്നിവ സംയുക്തമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിൽ 22നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. വിദേശികളായ വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യ മേയ് ഏഴാംതീയതി ഓപ്പറേഷൻ സിന്ദൂർ എന്ന സംയുക്ത സൈനിക ആക്രമണത്തിലൂടെ പാക് ഭീകരകേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർക്കുകയായിരുന്നു.പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാനതാവളങ്ങളെല്ലാം ആക്രമണത്തിൽ തകർത്തതായാണ് റിപ്പോർട്ട്.