'ശരീരത്തിൽ ഗുരുതര പരിക്കുകൾ, കൊലപാതകം നടന്നത് കഴിഞ്ഞ മാർച്ചിൽ'; ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു

Sunday 29 June 2025 7:10 AM IST

കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ ഒന്നര വർഷം മുമ്പ് കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഊട്ടി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം മാർച്ചിൽ തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഇയാളുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോ‌ർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ.

ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. സംഭവത്തിൽ സുൽത്താൻ ബത്തേരി മാടാക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ് കുമാർ, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവർ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വച്ചാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

ആൾ താമസമില്ലാത്തതിനാലാണ് പ്രതികൾ ഈ വീട് തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുൽത്താൻ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു. പണം തിരികെ കിട്ടാനായി മർദ്ദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതെന്ന് കസ്റ്റഡിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെയോടെ തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.

മൃതദേഹം കാര്യമായി അഴുകിയിരുന്നില്ലെന്നും കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. നാലടി താഴ്ചയിലായിരുന്നു മൃതദേഹം. തിരച്ചിൽ സമയത്ത് പ്രതികളും പൊലീസിനൊപ്പമുണ്ടായിരുന്നു. ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്നും കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.