യുവതിയോട് അപമര്യാദയായി പെരുമാറി, കൊച്ചിയിൽ യുവാവിന് കുത്തേറ്റു; സംഘർഷമുണ്ടായത് യുവതാരമെത്തിയ ഡിജെ പാർട്ടിയിൽ
കൊച്ചി: എറണാകുളത്തെ സ്വകാര്യ ബാറിൽ ഡിജെ പാർട്ടിക്കിടയിലുണ്ടായ സംഘർഷത്തിൽ യുവാവിന് ചെവിയിൽ കുത്തേറ്റു. തൊടുപുഴ സ്വദേശിക്കാണ് കുത്തേറ്റത്. മില്ലേനിയർ കഫേയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഉദയംപേരൂർ സ്വദേശിനിയാണ് യുവാവിനെ ആക്രമിച്ചത്. യുവാവ് അപമര്യാദയായി പെരുമാറിയതിനാലാണ് വൈൻ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
യുവ സിനിമാതാരവും മുതിർന്ന പിന്നണി ഗായകനും പങ്കെടുത്ത ഡിജെ പാർട്ടിക്കിടയിലാണ് സംഘർഷമുണ്ടായത്. ആക്രമണം നേരിട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ സാധിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്ന് പുലർച്ചയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.