'മമ്മൂക്ക അങ്ങനെ ചെയ്തത് ഒരുപാട് വേദനിപ്പിച്ചു, വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല'

Sunday 29 June 2025 1:28 PM IST

സിനിമയിൽ നല്ലൊരു വേഷം ലഭിക്കാത്തതിൽ ഇപ്പോഴും വിഷമമാണെന്ന് തുറന്നുപറഞ്ഞ് നടി സീനത്ത്. സിനിമയിലുളളവരുമായി അധികം സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കാം അവസരങ്ങൾ കുറഞ്ഞിട്ടുളളതെന്നും അവർ വ്യക്തമാക്കി. മമ്മൂട്ടിയും മോഹൻലാലുമായുളള സൗഹൃദത്തെക്കുറിച്ചും സീനത്ത് പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'ധനം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് മോഹൻലാലുമായി പരിചയത്തിലാകുന്നത്. ആ സൗഹൃദത്തിലാണ് കിലുക്കം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. മഹാനഗരം എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിംഗിനായി എന്നെ മേക്കപ്പ് ചെയ്യുകയായിരുന്നു. അപ്പോൾ കുറച്ച് അടുത്തുതന്നെ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയോട് സംസാരിക്കുകയും നമസ്‌കാരം പറയുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. മമ്മൂക്കയോട് എല്ലാവർക്കും ആരാധനയും ബഹുമാനവും ഉളളതുകൊണ്ടാണ് അത്തരത്തിൽ ചെയ്തത്.

എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു. അദ്ദേഹം എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ മേക്കപ്പ് മാ​റ്റുകയായിരുന്നു.മമ്മൂക്ക നേരെ എന്റെ അടുത്ത് വന്നിട്ട് നമസ്‌കാരം പറഞ്ഞു. ഞാൻ വല്ലാതെയായി പോയി. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. അത് ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്‌നേഹമാണ്. പക്ഷെ സ്‌നേഹം അധികം പ്രകടിപ്പിക്കില്ല. പക്ഷെ അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ പോയിട്ടും ആ സങ്കടം മാറിയില്ല.

ഇത്തവണ അമ്മയുടെ യോഗത്തിൽ മമ്മൂക്ക ഇല്ലാത്തത് വലിയ സങ്കടമായിരുന്നു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശക്തമായ ഒരു വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനൊരു അവസരവും ലഭിച്ചിട്ടില്ല. അത് ഇപ്പോഴും സങ്കടമുളള കാര്യമാണ്. ചിലപ്പോൾ ആരുമായിട്ട് സൗഹൃദം കാത്തുസൂക്ഷിക്കാത്തുകൊണ്ടായിരിക്കാം. ചില സിനിമ കിട്ടാത്തത് എന്റെ കുഴപ്പം കൊണ്ടായിരിക്കാം'- സീനത്ത് പറഞ്ഞു.