ഷെഫാലിയുടെ മരണകാരണം പ്രായം കുറയ്ക്കാനുള്ള മരുന്ന്? ആന്റി എയ്ജിംഗ് മരുന്ന് കുത്തി വച്ചത് എട്ടു വർഷം
ന്യൂഡൽഹി: നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ മരണത്തിന് കാരണം പതിവായി പ്രായം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചതു കൊണ്ടാണെന്ന് സൂചന. ജൂൺ 27 ന് വീട്ടിൽ പൂജ നടക്കുന്നതിനാൽ ഷെഫാലി വൃതമെടുത്തിരുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആന്റി എയ്ജിംഗ് മരുന്ന് കുത്തിവച്ചിരുന്നുവെന്നാണ് വിവരം.
വർഷങ്ങൾക്ക് മുമ്പ് ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഷഫാലി മരുന്നുകൾ കുത്തിവച്ചിരുന്നത്. എട്ടു വർഷമായി ഷഫാലി ഇത് ഉപയോഗിക്കുന്നു. അന്നു മുതൽ എല്ലാ മാസവും കുത്തിവയ്പ്പ് എടുത്തിരുന്നു. മരുന്നുകളുടെ അമിതമായ ഉപയോഗമാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി. ജൂൺ 27ന് രാത്രി 10നും 11നും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യ സ്ഥിതി വഷളായത്. പെട്ടെന്ന് ഷഫാലിയുടെ ശരീരം വിറയ്ക്കുകയും ബോധക്ഷയമുണ്ടാകുകയുമാണ് ചെയ്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ഷെഫാലിക്കൊപ്പം ഭർത്താവ് പരാഗും അമ്മയും മറ്റ് ചിലരും വീട്ടിൽ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഷഫാലി കഴിച്ചിരുന്ന മെഡിസിനുകൾ ഉൾപ്പെടെയുള്ളവ ഫോറൻസിക് സംഘം വീട്ടിലെത്തി ശേഖരിച്ചു. ആന്റി എയ്ജിംഗ്, വിറ്റാമിൻ സപ്ലിമെന്റുകൾ, ഗ്യാസ്ട്രിക് ഗുളികകൾ എന്നിവയും അതിൽ ഉൾപ്പെടുന്നു. ഷെഫാലിയുടെ മരണത്തിൽ കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ചികിത്സിച്ച ഡോക്ടർമാർ എന്നിവരുൾപ്പെടെയുള്ള എട്ട് പേരുടെ മൊഴി പൊലീസ് ശേഖരിച്ചു.
2002 ലെ ഹിറ്റ് ഗാനമായ 'കാന്ത ലഗ"യിലെ തകർപ്പൻ വേഷത്തിലൂടെയാണ് ഷെഫാലി താരമാകുന്നത്. പിന്നീട് അക്ഷയ് കുമാർ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം ബോളിവുഡ് ചിത്രം "മുജ്‌സെ ശാദി കരോഗി"യിൽ അഭിനയിച്ചു. "നാച്ച് ബാലിയേ", "ബിഗ് ബോസ്" തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലും ഷഫാലി പ്രത്യക്ഷപ്പെട്ടു.