ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് നേടി അച്ഛനും മകളും
കോട്ടയം : നാലു വർഷം മുന്നേ ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന മണിമല സ്വദേശി ശർമ, മകൾ വൈഗയെ പരിശീലനത്തിന് കൊണ്ടാക്കുമ്പോഴാണ് കുംഫുവിനെപ്പറ്റി കൂടുതൽ അറിയുന്നത്. മാസ്റ്റർ മഹേഷിന്റെ പ്രേരണയിൽ ശർമയും മകൾക്കൊപ്പം പരിശീലനം തുടങ്ങി. ഒടുവിൽ ഒരുമിച്ച് ബ്ലാക്ക് ബെൽറ്റും നേടാനായെന്ന അപൂർവതയും. ബിസിനസുകാരനായിരുന്നു മണിമല കറിക്കാട്ടൂർ വലിയകാലായിൽ ശർമ. ഭാര്യ രാജേശ്വരി സൗദിയിൽ നഴ്സാണ്. വൈഗയുടെ ആഗ്രഹം തന്റെയും ജീവിതത്തിൽ വഴിത്തിരിവായതിന്റെ സന്തോഷമുണ്ട് ശർമയ്ക്ക്. തിരുവല്ല വളഞ്ഞവട്ടം സ്റ്റെല്ല മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ് വൈഗ. സ്കേറ്റിംഗും കീ ബോർഡും ഗിത്താറും വൈഗ പരിശീലിക്കുന്നുണ്ട്. കുംഫു പരിശീലനം തുടങ്ങിയതോടെ ശാരീരികാസ്വാസ്ഥ്യം മെല്ലെ മാറി. ആലപ്പുഴയിലായിരുന്നു മത്സരം. അച്ഛനും മകൾക്കും ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് സമ്മാനിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകർ.