ഓണത്തെ വരവേൽക്കുവാൻ പൂവനി പൂക്കൃഷി ഒരുങ്ങുന്നു

Monday 30 June 2025 1:22 AM IST

വിതുര: ഒാണത്തിന് അത്തപ്പൂക്കളമൊരുക്കാൻ ഇക്കുറിയും പഞ്ചായത്തുകളിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള പൂവനിപൂക്കൃഷി നടപ്പിലാക്കുന്നു. കഴിഞ്ഞവർഷം വ്യാപകമായി നടപ്പിലാക്കിയ പൂക്കൃഷി വിജയകരമായതിനെ തുടർന്നാണ് ഇക്കുറിയും പൂകൃഷി നടത്തുവാൻ തീരുമാനിച്ചത്.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി പാട്ടത്തിനെടുത്ത ഭൂമിയിലും സ്വന്തം പുരയിടത്തിലുമായി ഏക്കർകണക്കിന് ഭൂമിയിലാണ് കഴിഞ്ഞതവണ പുഷ്പകൃഷിനടത്തിയത്. ജമന്തി, ചെണ്ടുമല്ലി, മുല്ലപ്പൂകൃഷികളായിരുന്നു കൂടുതലും. മലയോരമേഖലയിലെ കുടുംബശ്രീ യൂണിറ്റുകളും, പുരുഷസംഘങ്ങളും, തൊഴിലുറപ്പുതൊഴിലാളികളും സജീവമായി കളത്തിലുണ്ടായി. പഞ്ചായത്തിന്റെയും കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ് പുഷ്പകൃഷി നടപ്പിലാക്കുന്നത്.

അപേക്ഷക്ഷണിച്ചു

വിതുര പഞ്ചായത്തിന്റെ പൂവനിപദ്ധതി പ്രകാരം ഓണക്കാല പുഷ്പകൃഷി നടത്തുന്നതിന് വനിതാഗ്രൂപ്പുകളിൽ നിന്നും അപേക്ഷക്ഷണിച്ചു. ചുരുങ്ങിയത് 10 സെന്റ് പുരയിടം വേണം. അപേക്ഷകൾ 30നകം കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ എം.എസ്.അനാമിക അറിയിച്ചു. തൊളിക്കോട് കൃഷിഭവനിലും പൂകൃഷിനടത്തുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.