എംഡിഎംഎയുമായി സി പി ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സി.പി.ഐ പാളയം ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രൻ (30),അലി മുഹമ്മദ് (25) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കൃഷ്ണചന്ദ്രനിൽ നിന്ന് 4.55 ഗ്രാമും അലി മുഹമ്മദിൽ നിന്ന് 5 ഗ്രാമും എം.ഡി.എം.എ പിടിച്ചെടുത്തു.
എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സർക്കിൾ ഇൻസ്‌പെക്ടർ എം.റെജിലാൽ,എക്‌സൈസ് ഇൻസ്‌പെക്ടർ സജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കൃഷ്ണചന്ദ്രനെ ശനിയാഴ്ച രാത്രി 8.30ഓടെ വാടകയ്ക്ക് താമസിക്കുന്ന വഴുതക്കാട്ടെ വീടിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി ഇയാൾ പലതവണ നഗരത്തിൽ എം.ഡി.എം.എ എത്തിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പോക്‌സോകേസിലെ പ്രതിയായ അലി മുഹമ്മദിനെ കണ്ണേറ്റുമുക്ക് ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരുടെ ബൈക്കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇരുവർക്കും മയക്കുമരുന്ന് എത്തിച്ചവരെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സി.ഐ എം.റെജിലാൽ അറിയിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൃഷ്ണചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ അറിയിച്ചു. ഇയാൾക്ക് സംഘടനകളുടെ ചുമതല നൽകിയിരുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറി പറഞ്ഞു.