ദേശീയപാത : കണിയാപുരം - കഴക്കൂട്ടം ഭാഗത്ത് അഴിയാക്കുരുക്ക്

Monday 30 June 2025 1:46 AM IST

ഇന്നലെ കുരുങ്ങിയത് ഒന്നര മണിക്കൂർ

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന കഴക്കൂട്ടം-കണിയാപുരം-പള്ളിപ്പുറം റോ‌ഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക്. ഈ ഭാഗത്ത് ജോലികൾ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നലെ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളാണ് ഒന്നര മണിക്കൂറിലധികം കുരുക്കിലകപ്പെട്ടത്. അവധി ദിവസമായിട്ടും സാധാരണയുണ്ടാകാത്ത കുരുക്കാണ് ഇന്നലെയുണ്ടായതെന്ന് യാത്രക്കാർ പറയുന്നു. കൂടുതൽ തൊഴിലാളികളും ഉപകരണങ്ങളും സജ്ജമാക്കി അടിയന്തരമായി തീർക്കേണ്ട ദേശീയപാതയുടെ പണിക്ക് മിക്കയിടങ്ങളിലും നാലോ അഞ്ചോ ആളുകൾ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

പകുതി കുഴിയെടുത്ത് പണി നിറുത്തിവയ്ക്കുകയും പൈപ്പ് ലൈനുകൾ പൊട്ടിച്ചതിന് ശേഷം തൊഴിലാളികൾ മുങ്ങുകയും ചെയ്യുന്നത് പതിവാണെന്നാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് നിർമ്മാണ തൊഴിലാളികളും നാട്ടുകാരും കച്ചവടക്കാരും തമ്മിൽ വാക്കുതർക്കവും സംഘർഷവും പതിവാണെന്നും നാട്ടുകാർ പറയുന്നു.

സർവീസ് റോഡ് എങ്ങുമെത്തിയില്ല

ഒന്നരമാസം മുമ്പ് പൊളിച്ചിട്ട കണിയാപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ പള്ളിപ്പുറം വരെയുള്ള സർവീസ് റോഡിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വശങ്ങളിലുള്ള കുഴികൾ മറികടന്ന് വ്യാപാരികൾക്കും വീട്ടുടമസ്ഥർക്കും റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും ഈ കുഴിയിൽ വീഴുന്നതും പതിവ് സംഭവങ്ങളാണ്.