നേതാക്കളുമായി സംസാരിച്ചാൽ മുന്നണി മാറിയെന്നർത്ഥമില്ല: ശ്രേയാംസ് കുമാർ
ആലപ്പുഴ: എല്ലാ പാർട്ടിയിലെ നേതാക്കളുമായും അടുത്ത ബന്ധമുള്ള താൻ നേതാക്കളുമായി സംസാരിച്ചാൽ മുന്നണി മാറിയെന്നല്ല അർത്ഥമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ. യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയപരിശീലന ക്യാമ്പിൽ മാദ്ധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയത് യു.ഡി.എഫിൽ ചേരാനാണെന്ന തരത്തിൽ വ്യാഖ്യാനങ്ങളുണ്ടായി. മാദ്ധ്യമസ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് പൊതുചർച്ചയിൽ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മാദ്ധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ചില മാദ്ധ്യമങ്ങൾ തന്നെ ശ്രമിക്കുകയാണ്. അത് രാജ്യത്തെ അപകടാവസ്ഥയിലെത്തിക്കും. രാജ്യത്തില്ലെങ്കിലും കേരളത്തിൽ സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനമുണ്ട്. എല്ലാ സ്ഥലത്തും സാന്നിദ്ധ്യമുള്ള കോൺഗ്രസ് ദുർബലപ്പെടാൻ പാടില്ല. അത് ജനാധിപത്യത്തെ ബാധിക്കും. അക്കാര്യം കോൺഗ്രസ് നേതാക്കൾക്ക് ബോധ്യമുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യക്ഷനായി. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, അബിൻ വർക്കി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.