ഡെപ്പോസിറ്റ് 19.25 ലക്ഷം രൂപ,​ മാസ വാടക 1.75 ലക്ഷം രൂപ,​ ഈ തെന്നിന്ത്യൻ നഗരത്തിലെ വീട്ടുവാടക അറിഞ്ഞാൽ കണ്ണുതള്ളും

Monday 30 June 2025 12:17 AM IST

മെട്രോ നഗരമായ ബംഗളുരുവിൽ വീടു വാടകയ്ക്ക് ലഭിക്കുന്നതിന്റെ ബുദ്ധുമുട്ടുകൾ കുപ്രസിദ്ധമാണ്. വാടകയ്ക്ക് വീട് ലഭിക്കുന്നതിന് ലക്ഷങ്ങളാണ് ബംഗളുരുവിൽ ഈടാക്കുന്നത്. വാടകക്കൊള്ളയെ കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ പല തവണ സൂചിപ്പിച്ചിരുന്നു. നിന്നു തിരിയാൻ ഇടമില്ലാത്ത കുടുസു മുറിക്ക് പോലും പതിനായിരങ്ങളാണ് വാടകയായി വാങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ പറയുന്നത്. ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് കനേഡിയൻ പൗരൻ കലേബ് ഫ്രിസെൻ. ബംഗളുരുവിലെ ഒരു ഫ്ലാറ്റിന്റെ വില കേട്ടാണ് അദ്ദേഹത്തിന്റെ കണ്ണുതള്ളിയത്.

മൂന്നു മുറിയുള്ള ഫ്ലാറ്റിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി ചോദിച്ചത് 19.25 ലക്ഷം രൂപയാണെന്ന് കലേബ് ഫ്രിസെൻ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഒരു മാസത്തെ വാടകയാകട്ടെ 1.75 ലക്ഷം രൂപയും.

ഡൊംലൂരിലെ ഡയമണ്ട് ഡിസ്ട്രിക്ടിൽ ഫ്ലാറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഈ അനുഭവം. 19 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം ചോദിക്കുന്നു. വീട്ടുടമകൾ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഡെപ്പോസിറ്റായി ചോദിക്കുന്ന പണമുണ്ടെങ്കിൽ എനിക്കൊരു മഹീന്ദ്ര വാങ്ങിക്കാനുള്ളതാണ് എന്ന് പോസ്റ്റിൽ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധിപേരാണ് പോസ്റ്റ് കണ്ടത്. അത്രയും പണമുണ്ടെങ്കിൽ കൊൽക്കത്തയിലോ അല്ലെങ്കിൽ മറ്റു ടയർ 2 നഗരങ്ങളിലോ സ്വന്തമായി വീടെടുക്കാമെന്ന് ചിലർ കമന്റ് ചെയ്യുന്നു. പ്രാദേശിക ബ്രോക്കർമാർ വഴി വീടന്വേഷിക്കുന്നതാവും നല്ലതെന്നും ആളുകൾ പ്രതികരിച്ചു .