കുടുംബ വഴക്ക്: ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ: 12 മണിക്കൂർ പ്രതി മൃതദേഹത്തിന് കാവലിരുന്നു

Monday 30 June 2025 1:22 AM IST

നാഗർകോവിൽ: കരിങ്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കരിങ്കൽ,പടുവൂർ,കാട്ടുവിള സ്വദേശി ഡാർവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ പവിത നിത്യ സെൽവി (39)യാണ് കൊല്ലപ്പെട്ടത്.പവിതയ്ക്ക് മാനസിക രോഗമുണ്ടായിരുന്നതിനാൽ ഡാർവിൻ നിരന്തരം മദ്യപിച്ചിരുന്നുവെന്നും ഇവർ തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും അയൽക്കാർ പൊലീസിനോട്‌ പറഞ്ഞു. ശനിയാഴ്ച രാവിലെ മദ്യപിച്ചെത്തിയ ഡാർവിനുമായി ഭാര്യ തർക്കിക്കുകയും ഇതിൽ ക്ഷുഭിതനായി ഇയാൾ പവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.കൊലയ്ക്ക് ശേഷം എന്തുചെയ്യണമെന്നറിയാതെ ഇയാൾ 12 മണിക്കൂർ മൃതദേഹത്തിന് കാവലുമിരുന്നു. രാത്രി ആയിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ കരിങ്കൽ പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഡാർവിനെ ഉടൻതന്നെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഇരുവർക്കും ഏഴും രണ്ടും വയസുള്ള കുട്ടികളുണ്ട്.