ട്രെയിൻ റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുമ്പ്

Monday 30 June 2025 1:23 AM IST

ന്യൂഡൽഹി: ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് എട്ടു മണിക്കൂർ മുമ്പ് പ്രസിദ്ധീകരിക്കാൻ റെയിൽവേ തീരുമാനിച്ചു. യാത്രക്കാർ നേരിടുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാനും തയ്യാറെടുപ്പുകൾക്ക് സാവകാശം കിട്ടാനും വേണ്ടിയാണിത്. വെയിലറ്റിംഗ് ലിസ്റ്റിൽ നിന്ന് റിസർവേഷൻ ലഭിക്കാത്തവർക്ക് ബദൽ യാത്രാമാർഗം തേടാനും കഴിയും. നിലവിൽ നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാകുന്നത്.

ഉച്ചയ്‌ക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ട ട്രെയിന്റെ റിസർവേഷൻ ചാർട്ട് തലേ ദിവസം രാത്രി 9മണിക്കേ തയ്യാറാക്കും. മാറ്റം എന്നു മുതലെന്ന് റെയിൽവേ അറിയിച്ചിട്ടില്ല.

ഡിസംബർ മുതൽ മിനിട്ടിൽ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്കു ചെയ്യാൻ കഴിയും വിധം സംവിധാനങ്ങൾ പരിഷ്‌കരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. മിനിട്ടിൽ 32,000 ടിക്കറ്റുകളാണ് നിലവിലെ ശേഷി. റെയിൽവേ സംവിധാനത്തിൽ മിനിട്ടിൽ 40 ലക്ഷം അന്വേഷണങ്ങൾ നടത്താനും കഴിയും. നിലവിലിത് നാലു ലക്ഷമാണ്. ബുക്കിംഗുകൾക്കും അന്വേഷണങ്ങൾക്കുമായി ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഉപയോക്തൃ-സൗഹൃദ ഇന്റർഫേസും നിലവിൽ വരും.യാത്രക്കാർക്ക് ഇഷ്‌ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാനും നിരക്കുകളെക്കുറിച്ചറിയാനും കൂടുതൽ സൗകര്യമൊരുക്കും

 തത്‌കാൽ ബുക്കിംഗിന് രേഖ പരിശോധന

ജൂലായ് ഒന്നുമുതൽ ആധാർ അല്ലെങ്കിൽ ഡിജിലോക്കർ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്‌ത സാധുവായ സർക്കാർ തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് മാത്രമേ തത്‌കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്ക് ഇതു ബാധകമാണ്.ജൂലായ് അവസാനം മുതൽ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള തത്‌ക്കാൽ ബുക്കിംഗും നിലവിൽ വരും.