ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച 6 പി.ഡി.പി പ്രവർത്തകർക്ക് തടവും പിഴയും

Monday 30 June 2025 12:29 AM IST

മാവേലിക്കര: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ 6 പി.ഡി.പി പ്രവർത്തകർക്ക് ഒൻപതര വർഷം തടവും 31000 രൂപ വീതം പിഴയും ശിക്ഷിച്ചുകൊണ്ട് അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്‌ജി പി.പി.പൂജ ഉത്തരവായി. താമരക്കുളം സാബു ഭവനത്തിൽ ഷൈജു, നെടുമ്പ്രത്തുംവിള തെങ്ങുംതുണ്ടിൽ ഷിബു, സിനോജ്, ചുടുകുറ്റിവിളയിൽ ഷെമീർ, പണ്ടാരവിളയിൽ ഷംനാദ്, സാബു ഭവനത്തിൽ സജീവ് എന്നിവരെയാണ് ശിക്ഷിച്ചത്. ഷാനു, റഷീദ്, താഹ, അബ്ബാസ്, ഷിഹാബ്, നിഷാദ് എന്നിവരെ വെറുതേവിട്ടു. പ്രതികളായ ചുറ്റുവിളതെക്കതിൽ ഷംനാദ്, അൻഷാദ് മൻസിലിൽ അൻഷാദ് എന്നിവർ ഒളിവിലാണ്.

2014 സെപ്റ്റംബർ 5ന് രാത്രി 7.45ന് താമരക്കുളം മേക്കുംമുറി മാധവപുരം പബ്ലിക് മാർക്കറ്റിന് സമീപത്തുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മാവേലിവിളയിൽ അൻഷാദ്, പൊന്നാലയത്തിൽ ഷിഹാബുദ്ദീൻ, പ്ലാവിളയിൽ ഷെറിൻ, മാവേലിവിളയിൽ നിയാസ് എന്നിവരെയാണ് ആക്രമിച്ചത്. പിഴത്തുകയിൽ 30,000 രൂപ വീതം ഷിഹാബുദീനും ഷെറിനും നിയാസിനും 60,000 രൂപ അൻഷാദിനും നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർഹാജരായി.