മണിപ്പൂർ സാധാരണ നിലയിലേക്ക്
ന്യൂഡൽഹി: ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ശേഷം അക്രമങ്ങളും സിവിലിയൻ മരണങ്ങളും കുറഞ്ഞ മണിപ്പൂർ സാധാരണ നിലയിലേക്ക്. 2023നെ അപേക്ഷിച്ച് ശാന്തമാണെങ്കിലും കലാപകാരികളുടെ കൈവശമുള്ള ആയുധങ്ങൾ വീണ്ടെടുക്കാനും നിരോധിത വിഘടനവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ പൂർണമായി നിയന്ത്രിക്കാനും കഴിഞ്ഞിട്ടില്ല. 2023 മെയ് 3 മുതലുള്ള കലാപത്തിൽ മരിച്ചത് 260 പേരാണ്. ഫെബ്രുവരി 13 ന് ശേഷം ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 29 പുതിയ അക്രമ കേസുകൾ മാത്രം. ഫെബ്രുവരി 13നും ജൂൺ 26നും ഇടയിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പൊലീസിന്റെ ആയുധങ്ങളൊന്നും നഷ്ടമായിട്ടില്ല. മുൻപ് നഷ്ടമായ 6,020 തോക്കുകളിൽ പലതും പിടിച്ചെടുത്തു, ചിലത് കലാപകാരികൾ അടിയറവ് വച്ചു. 2,390 ആയുധങ്ങളാണ് നാല് മാസത്തിനുള്ളിൽ പിടിച്ചെടുത്തത്. കലാപകാരികൾ ഉപയോഗിച്ച അനധികൃത ബങ്കറുകളിൽ അധികവും സുരക്ഷാ സേന പൊളിച്ചുമാറ്റി.