 മൻ കീ ബാത്തിൽ മോദി അടിയന്തരാവസ്ഥയിലൂടെ നീതിന്യായ വ്യവസ്ഥയെ അടിമയാക്കാൻ ശ്രമിച്ചു

Monday 30 June 2025 1:10 AM IST

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ കൊലപ്പെടുത്തുകയും നീതിന്യായ വ്യവസ്ഥയെ അടിമയാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യപരമായ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായില്ലെന്നും പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൊറാർജി ദേശായി എന്നിവരുടെ പ്രസംഗങ്ങളും അദ്ദേഹം കേൾപ്പിച്ചു. നേതാക്കളുടെ ശബ്‌ദങ്ങളിലൂടെ അടിയന്തരാവസ്ഥക്കാലം എങ്ങനെ ആയിരുന്നുവെന്ന് ഊഹിക്കാമെന്ന് മോദി പറഞ്ഞു. അക്കാലത്ത് പീഡനം ഏറ്റുവാങ്ങിയവരിൽ ജോർജ്ജ് ഫെർണാണ്ടസ് അടക്കമുള്ള നേതാക്കളുണ്ട്.

വിദ്യാർത്ഥികളെ ഉൾപ്പെടെ കഠിനമായി പീഡിപ്പിച്ചു. കാരണമില്ലാതെ ആരെയും അറസ്റ്റ് ചെയ്യാമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടു. മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്ക് വിധേയരായെങ്കിലും ഇന്ത്യൻ ജനത വഴങ്ങിയില്ല. ജനാധിപത്യം നിലനിറുത്താനുള്ള ശ്രമങ്ങൾ തുടർന്നു. സർക്കാരുമായി ഒരു വിട്ടുവീഴ്ചയ്‌ക്കും അവർ തയാറായില്ല. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ ജനം വിജയിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയവരുടെ ഓർമ്മകൾ ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രചോദമാണെന്നും മോദി പറഞ്ഞു.