ആക്രമണം കടുപ്പിച്ച് റഷ്യ, യുക്രെയിൻ പൈലറ്റ് കൊല്ലപ്പെട്ടു
കീവ്: യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, യുക്രെയിനെതിരെ അതിശക്തമായ വ്യോമാക്രമണം തുടർന്ന് റഷ്യ. 477 ഡ്രോണുകളും 60 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുമാണ് ഇന്നലെ പുലർച്ചെ റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചത്. 2022 ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷത്തിനിടെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ആക്രമണം തുരത്തുന്നതിനിടെ യുക്രെയിന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രാജ്യത്തിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താൻ യു.എസും പാശ്ചാത്യ രാജ്യങ്ങളും സഹായിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അഭ്യർത്ഥിച്ചു. കീവ്, ലിവീവ്, പോൾട്ടോവ, മൈക്കൊലൈവ്, നിപ്രോപെട്രോവ്സ്ക്, ഇവാനോ ഫ്രാൻകിവ്സ്ക് , ചെർകാസി തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ഫോടനമുണ്ടായി. 211 ഡ്രോണുകളെയും 38 മിസൈലുകളെയും യുക്രെയിൻ തകർത്തു. 225 ഡ്രോണുകൾ ഇലക്ട്രോണിക് ജാമിംഗിലൂടെ നിഷ്പ്രഭമാവുകയോ ലക്ഷ്യം കാണാതെ തകരുകയോ ചെയ്തെന്ന് യുക്രെയിൻ പറഞ്ഞു. ഇതിനിടെ, റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്.