പുതുക്കാട് നവജാത ശിശുക്കളുടെ മരണം, സമഗ്രാന്വേഷണത്തിന് പൊലീസ്, സംസ്‌കരിച്ച കുഴികളടക്കം പരിശോധിക്കും

Monday 30 June 2025 7:48 AM IST

തൃശൂർ:പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ്. കുഞ്ഞുങ്ങളെ കുഴിച്ചിട്ട മാതാപിതാക്കളുടെ വീടുകളായ നൂലുവള്ളിയിലെ വീട്ടിലും ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തും. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.ഫോറൻസിക് സംഘം അനീഷയുടെയും(22) ഭവിന്റെയും (26) വീട്ടിലെത്തി ശാസ്‌ത്രീയ പരിശോധന നടത്തും.

കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നു എന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യം ശാസ്‌ത്രീയമായി തെളിയിക്കാൻ പ്രയാസം നേരിടുന്നുണ്ട്. ശനിയാഴ്‌ച പുലർച്ചെ രണ്ടോടെയാണ് കൊലപാതകങ്ങളിൽ കൂട്ടുപ്രതിയായ നവജാതശിശുക്കളുടെ പിതാവ് ഭവിൻ കുട്ടികളുടെ അസ്ഥിയുമായടക്കം പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടർന്ന് പൊലീസ് നേരം പുലരുംമുമ്പ് തെളിവുകൾ കണ്ടെത്തി.

ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയായിരുന്നു അനീഷ. ഭവിൻ വെൽഡിംഗ് പ്ലംബർ ജോലിക്കാരനുമാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലായതോടെ ഗർഭിണിയായ അനീഷ 2021ലും 2024ലും ഓരോ ആൺകുട്ടികളെ വീട്ടിൽ പ്രസവിച്ചു. ഇതിൽ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി മരിച്ച ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം നൂലുവള്ളിയിലെ വീട്ടുപറമ്പിൽ കുഴിച്ചിട്ടെന്നാണ് യുവതിയുടെ മൊഴി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

2024ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് ദിവസങ്ങൾക്കു ശേഷം തുണിയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി സ്‌കൂട്ടറിൽ ആമ്പല്ലൂരിൽ വന്ന് ഭവിനെ ഏൽപ്പിക്കുകയായിരുന്നു. ഇക്കാര്യം യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീടിന് സമീപം കുഴിച്ചിട്ടു. ഇതിനിടെ ആത്മാവിന് മോക്ഷം കിട്ടാൻ ക്രിയകൾക്കായി അസ്ഥി വേണമെന്ന് വിശ്വസിപ്പിച്ച് അനീഷയിൽ നിന്ന് എട്ട് മാസങ്ങൾക്കു ശേഷം ഇവ വാങ്ങി സൂക്ഷിച്ചു. കഴിഞ്ഞ‌ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെ അനീഷമറ്റൊരു വിവാഹം കഴിക്കുമെന്ന് കരുതിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്.