ഡി കെ ശിവകുമാർ മൂന്ന് മാസത്തിനകം ക‌ർണാടക മുഖ്യമന്ത്രി, സൂചന നൽകി കോൺഗ്രസ് എംഎൽഎ

Monday 30 June 2025 8:45 AM IST

ബംഗളൂരു: ഹൈക്കമാൻഡ് മുൻപെടുത്ത തീരുമാനം അനുസരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉടനെ മുഖ്യമന്ത്രിയാകുമെന്ന് വാദവുമായി കോൺഗ്രസ് എംഎൽഎ. രാമനഗര എംഎൽഎ ഇഖ്‌ബാൽ ഹുസൈനാണ് മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയാകും എന്ന് വ്യക്തമാക്കിയത്.

'അന്ന് ന്യൂഡൽഹിയിൽ തീരുമാനം എടുത്തപ്പോൾ ഡി കെ ശിവകുമാറും ഞാനും ഒരുമിച്ചുണ്ടായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ സിദ്ധരാമയ്യ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം പൂർത്തിയാക്കിയ ശേഷമുള്ള നേതൃമാറ്റത്തെ കുറിച്ച് തീരുമാനിച്ചിരുന്നു.' ഇക്‌ബാൽ ഹുസൈൻ പറഞ്ഞു. ഹൈക്കമാൻഡ് അത്തരം ഒരുതീരുമാനവും എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്ര പറഞ്ഞതിന് മറുപടി നൽകുകയായിരുന്നു ഡി.കെ ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്‌ബാൽ ഹുസൈൻ.

കർണാടകയിൽ സെപ്‌തംബർ കഴിയുന്നതോടെ നേതൃമാറ്റമുണ്ടാകുമെന്ന് കെ.എൻ രാജണ്ണ, സതീഷ് ജാർക്കിഹോളി എന്നീ മന്ത്രിമാർ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ഡി.കെ ശിവകുമാർ തള്ളി. അതേസമയം സർക്കാ‌‌ർ പദ്ധതികളിൽ കടുത്ത അഴിമതി ആരോപണം ഭരണപക്ഷ എംഎൽഎമാർ തന്നെ ഉയ‌ർത്തിയിരുന്നു. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ക‌ർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർഛെവാല ബംഗളൂരുവിൽ ഇന്ന് ചർച്ചകൾ നടത്തുന്നുണ്ട്. കോൺഗ്രസിൽ നിന്നുതന്നെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതോടെ ബിജെപിയടക്കം പ്രതിപക്ഷ കക്ഷികൾ ഇത് ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് എന്ന് വിവരമുണ്ട്.