കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത് ഒഡീഷയിൽ നിന്നെത്തിച്ചവ, 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

Monday 30 June 2025 9:29 AM IST

കളമശേരി: ഏലൂർ ഫാക്ട് പി.ഡി. ജംഗ്ഷനിൽ നിന്ന് 16.678 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. അഫ്സൽ ഹുസൈൻ (24), റോണി ശേഖ് (19) എന്നിവരാണ് സിറ്റി ഡാൻസഫിന്റെ പിടിയിലായത്. പശ്ചിമബംഗാളിൽ നിന്ന് ഒഡീഷയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്. രണ്ട് ട്രാവൽ ബാഗുകളിൽ കഞ്ചാവുമായി അങ്കമാലിയിൽ ഇറങ്ങിയ ഇരുവരും ഏലൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്.

ഏലൂർ, കളമശേരി, ഫോർട്ട് കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ എ.സി.പി അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളാണ് പിടികൂടിയത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ ന്വേഷണം തുടങ്ങി.