അനാഥൻ, ജീവിക്കാൻ വീടുകൾ തോറും കയറി സാധനങ്ങൾ വിറ്റു; നർത്തകനായ പ്രമുഖ നടന്റെ ജീവിതത്തിൽ സംഭവിച്ചത്
സെയിൽമാനിൽ നിന്ന് പ്രമുഖ നടൻ എന്ന നിലയിലേക്ക് മാറിയ ഒരു താരം ഇന്ത്യൻ സിനിമയിലുണ്ട്. മുംബയിലെ കവിയും സംഗീതജ്ഞനുമായിരുന്നു ഈ നടന്റെ പിതാവ്. പക്ഷേ, പതിനാലാം വയസിൽ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്‌ടപ്പെട്ടതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഈ നടന്റെ പേരാണ് അർഷാദ് വാർസി.
വീടുകൾ തോറും കയറി ലിപ്‌സ്റ്റിക് പോലുള്ള സൗന്ദര്യവർദ്ധക വസ്‌തുക്കൾ വിറ്റാണ് അദ്ദേഹം കുട്ടിക്കാലത്ത് ജീവിച്ചത്. പിന്നീട് ഒരു ഫോട്ടോ ലാബിലും അർഷാദ് ജോലി ചെയ്‌തിട്ടുണ്ട്. നൃത്തത്തോടുള്ള അതിയായ താൽപ്പര്യം കാരണം അദ്ദേഹം ഒരു നൃത്ത ഗ്രൂപ്പിൽ ചേർന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം. ഇന്ത്യയിലും അന്തർദേശീയമായും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു. ഇതോടെയാണ് അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചൻ അദ്ദേഹത്തിന് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്‌തത്. ഇത് അർഷാദിന്റെ തലവര തന്നെ മാറ്റിമറിച്ചു. ഇന്ന് 341 കോടിയുടെ ആസ്തിയുള്ള പ്രമുഖ നടനാണ് അദ്ദേഹം.
1996ൽ അമിതാഭ് ബച്ചന്റെ നിർമാണ കമ്പനിയായ അമിതാഭ് ബച്ചൻ കോർപ്പറേഷന്റെ ആദ്യ നിർമാണമായ 'തേരേ മേരേ സപ്‌നേ'യിലാണ് അർഷാദ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം, നിരവധി ചിത്രങ്ങളിൽ നടനായും സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. തിക്കാന (1987), കാഷ് (1987) തുടങ്ങിയ ചിത്രങ്ങളാണ് അർഷാദിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 'ഓസം' എന്ന പേരിൽ ഒരു നൃത്തസംഘം അദ്ദേഹത്തിനുണ്ട്.