ക്ഷേത്രത്തിൽ പോകുന്നവർ കുളിച്ച് ശുദ്ധമായി പോകണം എന്ന് പറയുന്നത് എന്തിനെന്നറിയുമോ?
ആരാധനാലയ ദർശനം ഈശ്വര വിശ്വാസികളുടെ ചിട്ടയുടെ ഭാഗമാണ്. തിങ്കളും വ്യാഴവും, ശനിയാഴ്‌ച മാത്രമോ, ചൊവ്വാഴ്‌ചയോ, അതല്ലെങ്കിൽ മാസത്തിൽ പ്രത്യേക നാൾ വരുന്ന ദിവസമോ ഒക്കെ ക്ഷേത്രത്തിൽ പോകുന്നവരുണ്ട്. നമ്മുടെ പൂർവികർക്ക് ബലിയർപ്പിക്കാൻ സാധിക്കാത്തവർക്ക് വിഷ്ണു ക്ഷേത്രങ്ങളിലോ മറ്റോ പോയി വഴിപാടുകൾ കഴിക്കാറുണ്ട്.
ക്ഷേത്രദർശനത്തിനെത്തുന്നവർ തീർച്ചയായും പാലിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ആദ്യം വേണ്ടത് മനഃശുദ്ധി ആണ്. പിന്നീട് ഇന്ദ്രിയ ശുദ്ധിയും ശരീരശുദ്ധിയുമാണ്. ഇക്കൂട്ടത്തിൽ പ്രധാനമായത് തന്നെയാണ് ശരീരശുദ്ധി. മിക്കവരും കുളികഴിഞ്ഞുടൻ തന്നെ ക്ഷേത്ര ദർശനം നടത്തുന്നത് ശരീര ശുദ്ധി ക്ഷേത്രത്തിലെത്തുന്നവർക്ക് നിർബന്ധമായതിനാലാണ്.
ക്ഷേത്രം എന്നത് വളരെയധികം പോസിറ്റീവ് ഊർജ്ജം നമുക്ക് നൽകുന്നയിടമാണ്. നല്ല ക്ഷേത്രദർശനം ലഭിച്ചാൽ മനസ്സ് ശുദ്ധമാകുകയും ചെയ്യേണ്ടുന്ന പ്രവർത്തികൾ വിജയകരമാകാൻ സാധിക്കുകയും ചെയ്യും. പോസിറ്റീവ് ഊർജം ലഭിക്കുന്നതിന് ക്ഷേത്രത്തിലെത്തുമ്പോൾ വൃത്തിഹീനമായെത്തുന്നത് ശരിയല്ലാത്തതിനാൽ കുളിച്ച് ശുദ്ധമായിത്തന്നെ വേണം പ്രവേശിക്കാൻ.
വെറുതെ കുളിച്ചാലും പോര എന്നാണ് ആചാര്യന്മാർ പറയാറ്. കുളികഴിഞ്ഞ് ആദ്യം ആഗ്നേയധാരണം നടത്തണം. അഗ്നിയിൽ നിന്നുണ്ടായ വസ്‌തു അഥവാ ഭസ്‌മം തൊടുകയാണ് വേണ്ടത്. ഇതിന് ശേഷം ശുഭ്ര വസ്‌ത്രം ധരിക്കാം. അല്ലെങ്കിൽ അലക്കിയതോ, കോടിയോ ഏത് വസ്‌ത്രവുമാകാം. വളരെ വൃത്തിയുള്ളതാകണം. കുളി കഴിയുമ്പോൾ ഇന്ദ്രിയ ശുദ്ധിയും വേണ്ടതാണ്. കണ്ണ്, മൂക്ക്,നാക്ക്,ചെവി, ത്വക്ക് എന്നീ ഇന്ദ്രിയങ്ങൾ ശുദ്ധമായാൽ ക്ഷേത്ര ദർശനത്തിൽ സഹായകമാണ്. നല്ലത് കാണാനും,നല്ലത് കേൾക്കാനും നല്ലത് അറിയാനും അതിലൂടെ സാധിക്കും. അങ്ങനെ മികച്ച ഫലം ക്ഷേത്രദർശനത്തിൽ ലഭിക്കും.