ഈ സമയം കടന്നു പോകും, കരിഷ്മയോട് കരീന
ജീവിതത്തിലെ ദുഷ്കരമായൊരു ഘട്ടത്തിലൂടെ കടന്നുപോവുന്ന സഹോദരി കരിഷ്മയ്ക്ക് പിന്തുണയും പിറന്നാൾ ആശംസയും നേർന്ന് കരീന കപൂർ പങ്കുവച്ച പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. "പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിക്ക്...നമുക്കിത് ദുഷ്‌കരമായൊരു വർഷമായിരുന്നു. പക്ഷേ നിനക്കറിയുമോ? അവർ പറയുന്നത് പോലെ ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല... പക്ഷേ, ഏറ്റവും ശക്തരായ സഹോദരിമാർ എന്നും ഒപ്പമുണ്ടാകും. എന്റെ സഹോദരിയും എന്റെ അമ്മയും എന്റെ ഉറ്റ സുഹൃത്തുമായ, എന്റെ ലോലോയ്ക്ക് ജന്മദിനാശംസകൾ," കരീനയുടെ വാക്കുകൾ.
സോണ കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അടുത്തിടെയാണ് മരിച്ചത്. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് സഞ്ജയ് കപൂറിന്റെ മരണം. സഞ്ജയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം കരിഷ്മയ്ക്ക് ഒപ്പം കരീനയും സെയ്ഫ് അലിഖാനും പങ്കെടുത്തിരുന്നു.
2003ൽ ആണ് സഞ്ജയും കരിഷ്മയും വിവാഹിതരായത്. എന്നാൽ, 2016ൽ ഇരുവരും വിവാഹമോചനം നേടി. ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു കരിഷ്മയുടെയും സഞ്ജയുടെയും വിവാഹമോചനം. ഇരു കക്ഷികളും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിസിനസുകാരനായ സഞ്ജയ് തന്നെ ലേലം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു കരിഷ്മയുടെ പ്രധാന ആരോപണം. സഞ്ജയ്‌ക്കെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസുകൾ ഫയൽ ചെയ്തിരുന്നു. നീണ്ട നിയമപോരാട്ടത്തിന് ശേഷം, 2016ൽ കോടതി ഒടുവിൽ ഇരുവർക്കും വിവാഹമോചനം അനുവദിച്ചു . സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് കരിഷ്മ- സഞ്ജയ് ദമ്പതികൾക്ക്.