അൻപറിവിനു മുൻപ് അരുൺകുമാർ ചിത്രം , കമൽഹാസന് നായികമാരായി തൃഷ, തമന്ന, കാജൽ

Tuesday 01 July 2025 3:00 AM IST

തഗ് ലൈഫ് കനത്ത പരാജയം നേരിട്ടെങ്കിലും അണിയറയിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി വരികയാണ് കമൽഹാസൻ. ആക്ഷൻ കൊറിയോഗ്രാഫർ സഹോദരന്മാരായ അൻപറിവിന്റെയും ചിത്ത, വീരധീര ശൂരൻ എന്നീ വിക്രം ചിത്രങ്ങൾ ഒരുക്കിയ എസ്.യു. അരുൺ കുമാറിന്റെയും ചിത്രങ്ങളാണ് കമൽഹാസന്റേതായി ഒരുങ്ങുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് അരുൺ കുമാർ ചിത്രം. അതേസമയം കെ.എച്ച്. 237 എന്ന് താത്കാലികമായി പേരിട്ട അൻപറവ് ചിത്രത്തിൽ കമൽഹാസന്റെ നായികമാരായി തൃഷ, തമന്ന, കാജൽ അഗർവാൾ എന്നിവർ എത്തുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് നിർമ്മാണം. ഈ ചിത്രത്തിൽ എട്ടുകോടി തമന്നയുടെയും അഞ്ചു കോടി തൃഷയുടെയും നാല് കോടി കാജൽ അഗർവാളിന്റെയും പ്രതിഫലം എന്ന റിപ്പോർട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ തഗ് ലൈഫിനുണ്ടായ ക്ഷീണം കാരണം എസ്.യു. അരുൺകുമാറിന്റെ ചിത്രത്തിൽ ഉടൻ അഭിനയിക്കാനുള്ള തീരുമാനത്തിലാണ് കമൽഹാസൻ.

തെന്നിന്ത്യയിലെ വിലപിടിപ്പുള്ള ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരൻമാരുമായി കമൽഹാസൻ കൈകോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കമൽഹാസന്റെ വിക്രം എന്ന ചിത്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടന സംവിധാനം നിർവഹിച്ചത്. ലോകേഷ് കനകരാജിന്റെ തന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടന സംവിധാനം ഇവരായിരുന്നു. കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിനും ഇവർ തന്നെയാണ് ആക്ഷൻ കൈകാര്യം ചെയ്തത്.