അമേരിക്കയുമായുള്ള കരാർ കടമ്പകൾ
ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കായി തങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നാണ് വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞത്. ജൂലായ് എട്ടിനു മുമ്പ് ഒരു മിനി ട്രേഡ് കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾക്കായി ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിൽ എത്തിയിട്ടുണ്ട്. പകരചുങ്കം ഏർപ്പെടുത്തിയതിന് അമേരിക്ക പ്രഖ്യാപിച്ച 90 ദിവസത്തെ ഇളവ് ജൂലായ് ഒമ്പതിന് അവസാനിക്കുന്നതിനാൽ അതിനു മുമ്പ് ഇന്ത്യയുമായി കരാറിൽ ഏർപ്പെടേണ്ടിവരും. ജനിതക മാറ്റം വരുത്തിയ കാർഷിക വിളകളുടെയും ക്ഷീര ഉത്‌പന്നങ്ങളുടെയും ഇറക്കുമതി സംബന്ധിച്ച തർക്കങ്ങളാണ് കരാറിന് പ്രധാന പ്രതിബന്ധമായി ഇപ്പോൾ നിലനിൽക്കുന്നത്.
ജൂലായ് ആദ്യവാരം കരാറായില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉത്‌പന്നങ്ങൾക്ക് അമേരിക്കയിൽ 26 ശതമാനം താരിഫ് നൽകേണ്ടിവരും. ജനിതക മാറ്റം വരുത്തിയ ധാന്യങ്ങളുടെ ഇറക്കുമതി ഇന്ത്യയിൽ കർഷകരുടെ ഭാഗത്തുനിന്ന് വൻ പ്രതിഷേധം സൃഷ്ടിക്കാനിടയുള്ളതിനാൽ അതു സംബന്ധിച്ച കരാറിൽ ഇന്ത്യയ്ക്ക് വളരെ സൂക്ഷിച്ചു മാത്രമേ നിലപാട് എടുക്കാനാവൂ. ഇന്ത്യ ഇതുവരെ ഒരു വിദേശ രാജ്യവുമായും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിട്ടില്ല. കൃഷി, ക്ഷീരമേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഭിപ്രായ സമന്വയമുണ്ടായില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ഉടൻ സാദ്ധ്യമല്ലാതെ വരാനിടയുണ്ട്. അങ്ങനെ വന്നാൽ തീരുവ വർദ്ധനവിനുള്ള ഇളവ് ദീർഘിപ്പിക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെടാം. അതല്ലെങ്കിൽ തർക്ക വിഷയങ്ങൾ ഒഴിവാക്കി മറ്റുള്ള ഉത്‌പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള കരാറിനും സാദ്ധ്യതയുണ്ട്.
അങ്ങനെ വന്നാൽ യു.എസ് - ബ്രിട്ടൻ കരാറിന് സമാനമായ രീതിയിൽ വ്യവസായ ഉത്‌പന്നങ്ങൾ, ഓട്ടോമൊബൈൽ എന്നിവയുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങിയേക്കും. കാർഷിക മേഖലയിൽ ഇന്ത്യ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിന് വഴങ്ങുകയാണെങ്കിൽപ്പോലും അതിൽ ഉൾപ്പെടുത്തുന്ന കാർഷിക ഉത്‌പന്നങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. വോൾനട്ട്, ആപ്പിൾ, അവക്കാഡോ, ഉണക്ക മുന്തിരി, ഒലിവ് ഓയിൽ തുടങ്ങിയവയുടെ തീരുവയായിരിക്കും കുറയ്ക്കുക. ഇത് ഇന്ത്യയിലെ കർഷകരിൽ നിന്ന് വലിയ എതിർപ്പിന് ഇടയാക്കുന്നതല്ല. എന്നാൽ ക്ഷീരമേഖലയിൽ നിലവിലുള്ള സംവിധാനത്തിൽ ഒരു മാറ്റത്തിനും ഇന്ത്യ തയ്യാറാകില്ല. അരി, ഗോതമ്പ് തുടങ്ങിയവയുടെ തീരുവയും കുറയ്ക്കാനിടയില്ല. ഇതിനിടെ ട്രംപിന്റെ താരിഫ് യുദ്ധ പ്രഖ്യാപനം അമേരിക്കൻ പൗരന്മാർക്കിടയിൽ നിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിന്റെ ഭാഗമായാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കാൻ ഇടയാക്കിയത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് ചൈനീസ് ഉത്‌പന്നങ്ങളാണ്. ട്രംപിന്റെ പ്രഖ്യാപനങ്ങളോടെ ചൈനീസ് ഉത്‌പന്നങ്ങളുടെ വില വർദ്ധിച്ചത് അമേരിക്കൻ കുടുംബങ്ങളുടെ ബഡ്‌ജറ്റ് താളം തെറ്റിക്കാൻ ഇടയാക്കിയിരുന്നു. മാത്രമല്ല, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചുകൊണ്ട് ചൈന തിരിച്ചടിച്ചതും ആഗോള ഭീമൻ കമ്പനികളുടെ സമ്മർദ്ദം അമേരിക്കൻ സർക്കാരിനുമേൽ ഉണ്ടാകാൻ ഇടയാക്കി. അതാണ് ചൈനയുമായി വ്യാപാര കരാർ സ്ഥാപിക്കാൻ അമേരിക്കയെ നിർബന്ധിതമാക്കിയത്. അടിസ്ഥാനപരമായി ഒരു രാഷ്ട്രീയക്കാരനെന്നതിലുപരി ട്രംപ് ഒരു ബിസിനസുകാരനാണ്. അതിനാൽ ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനം പോലും ചൈന, ഇന്ത്യ തുടങ്ങിയ വൻ വ്യാപാര സാദ്ധ്യതയുള്ള സാമ്പത്തിക ശക്തികളുമായി ഇത്തരം കരാറുകൾക്ക് കളമൊരുക്കലായിരുന്നോ എന്നുപോലും സംശയിക്കാവുന്നതാണ്. ഏതായാലും ഇന്ത്യയിലെ കർഷകരുടെ താത്‌പര്യങ്ങൾ ബലികഴിക്കുന്നതാവരുത് പുതിയ വ്യാപാര കരാർ.